കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചതിന് തന്റെ രണ്ട് മക്കളില്‍ ഒരാളെ കൊല്ലുമെന്ന് അധോലോക കുറ്റവാളി രവി പൂജാരി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പി.സി ജോര്‍ജ്ജ്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചതിന് തന്റെ രണ്ട് മക്കളില്‍ ഒരാളെ കൊല്ലുമെന്ന് അധോലോക കുറ്റവാളി രവി പൂജാരി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. കേന്ദ്ര ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിലെ സെനഗലില്‍ നിന്ന് നാല് തവണയാണ് വിളിച്ചത്. ഇന്റര്‍നെറ്റ് കോളായിരുന്നു.
ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന ഭാഷയിലാണ് സംസാരിച്ചത്. ഞാന്‍ അയച്ച മെസേജ് വായിച്ചോ എന്നാണ് ആദ്യം ചോദിച്ചത്. ആരാണെന്ന് ചോദിച്ചപ്പോള്‍ രവി പൂജാരിയാണെന്ന് പറഞ്ഞു. ഞാന്‍ വിചാരിച്ചു ആരെങ്കിലും പറ്റിക്കാന്‍ വിളിച്ചതാണെന്ന് വിചാരിച്ചു. പിന്നീട് വീണ്ടും വിളിച്ചിട്ട് രണ്ട് മക്കളില്‍ ഒരാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌ക്കല്‍, നിന്റെ വിരട്ടല്‍ എന്റടുത്ത് നടക്കില്ലടാ ഇഡിയറ്റ്, അറിയാവുന്ന ഇംഗ്ലീഷ് തിരിച്ചടിച്ചെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഭീഷണി ഉയര്‍ന്നതോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. അതില്‍ അന്വേഷണം നടക്കുന്നതിനാനാലാണ് മാധ്യമങ്ങളോട് വിവരം പറയാതിരുന്നത്. പരാതി നല്‍കിയ കാര്യം ആരും അറിയരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിവരം എങ്ങനെയോ ചോര്‍ന്നു. അതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളായി. പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് വിളിച്ചത് രവി പൂജാരിയാണെന്ന് തെളിഞ്ഞത്. ഐ.ടി സെല്‍ ജീവനക്കാര്‍ വന്ന് തന്റെ ഫോണ്‍ വാങ്ങി പരിശോധിച്ചിരുന്നെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. രവി പൂജാരിയെ ഭയമില്ലെന്നും പൂഞ്ഞാറിലെത്തിയാല്‍ നല്ല കാപ്പി വടി വെട്ടി ഓടിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ വളര്‍ന്നുവരുന്ന ഗുഢാസംഘത്തിനെതിരെ ജനം ജാഗ്രതപാലിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കൊച്ചിയില്‍ നടി ലീനമരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ടാണ് രവി പൂജാരി കേരളത്തില്‍ കുപ്രസിദ്ധനായത്. മറ്റൊരാള്‍ക്ക് വേണ്ടി ക്വട്ടേഷനെടുത്ത രവി പൂജാരി ലീനയെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ആവശ്യപ്പെട്ട 25 കോടി നല്‍കിയില്ലെങ്കില്‍ ലീനയുടെ കൂട്ടാളിയെ വധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വിദേശത്ത് നിന്ന് രവി പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് പി.സി ജോര്‍ജ്ജിനെ ഭീഷണിപ്പെടുത്തിയ വിവരം പുറത്തായത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മിഷണറീസ് ഓഫ് ജീസസ് സഭയിലെ കന്യാസ്ത്രി നല്‍കിയ പരാതിയെ തുടര്‍ന്ന് കന്യാസ്ത്രീക്കെതിരെ പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീ ജോര്‍ജ്ജിനെതിരെ കോട്ടയം പൊലീസിന് പരാതിയും നല്‍കിയിരുന്നു.
ബിഷപ്പ് 13 തവണ ബലാല്‍സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 12 തവണ ബലാത്സംഗം ചെയ്തപ്പോഴും ആസ്വദിച്ച കന്യാസ്ത്രീക്ക് 13ാം തവണത്തേക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നുമാണ് പി.സി ജോര്‍ജ്ജ് ആരോപിച്ചത്. തുടര്‍ന്ന് മോശമായ പദപ്രയോഗങ്ങളും നടത്തി. സംഭവം വിവാദമായതോടെ ആ പ്രയോഗം പിന്‍വലിച്ച് മാപ്പ് ചോദിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീയെ പിന്തുണച്ച മറ്റ് കന്യാസ്ത്രീകളെയെല്ലാം സഭ ജലന്ദറിലേക്ക് ഉള്‍പ്പെടെ സ്ഥലം മാറ്റിയ സമയത്താണ് പി.സി ജോര്‍ജ്ജിന് ഭീഷണി വന്നത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























