തിരുവനന്തപുരം മുന്‍ സബ്കലക്ടറും കെ.എസ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ അനധികൃതമായി കോണ്‍ഗ്രസുകാരന് പതിച്ചുനല്‍കിയ ഭൂമി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നു

തിരുവനന്തപുരം മുന്‍ സബ്കലക്ടറും കെ.എസ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ അനധികൃതമായി കോണ്‍ഗ്രസുകാരന് പതിച്ചുനല്‍കിയ ഭൂമി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നു. വര്‍ക്കല അയിരൂരില്‍ വില്ലിക്കടവില്‍ പാരിപ്പള്ളി- വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. രണ്ട് കോടിയോളം വിലമതിക്കുന്ന ഭൂമിയാണിത്. ഈ സ്ഥലം ദിവ്യാ എസ്.അയ്യര്‍ പതിച്ച് നല്‍കിയത് വിവാദമായിരുന്നു. കെ.എസ് ശബരീനാഥുമായി ഏറെ അടുപ്പമുള്ള അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്കാണ് ഭൂമി നല്‍കിയത്. കോണ്‍ഗ്രസ് കുടുംബാംഗമാണ് ലിജി.
വര്‍ക്കല എം.എല്‍.എ വി.എസ് ജോയി സംഭവം പുറത്ത് കൊണ്ടുവന്നതോടെ ദിവ്യയെ സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ തെറിപ്പിച്ചിരുന്നു. ഭൂമി കൈമാറ്റം അസാധുവാക്കുകയും ചെയ്തു. രണ്ടേക്കര്‍ ഭൂമി പുറമ്പോക്കാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വര്‍ക്കല തഹസീല്‍ദാര്‍ ഭൂമി 2017ല്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ലിജി ഹൈക്കോടതിയെ സമീപിച്ചു. അതോടെയാണ് ദിവ്യയുടെ നിയമവിരുദ്ധമായ ഇടപെടല്‍ പുറത്തായത്. ആദ്യം ഈ കേസില്‍ സബ് കലക്ടര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, പ്രത്യേക അപേക്ഷ പ്രകാരം ദിവ്യ ആറാംകക്ഷിയായി ചേര്‍ന്നു. ആര്‍ഡിഒ കൂടിയായ സബ്കലക്ടര്‍ വിഷയം പരിശോധിച്ച് തീര്‍പ്പാക്കാന്‍ കോടതി ഉത്തരവിട്ടു.
2018 ഫെബ്രുവരി 28ന് ദിവ്യാ എസ്.അയ്യര്‍ ഭൂമി ഏറ്റെടുത്ത വര്‍ക്കല തഹസില്‍ദാര്‍, സര്‍ക്കാരിലേക്കു ചേര്‍ത്ത അയിരൂര്‍ വില്ലേജ് ഓഫീസര്‍, കക്ഷികളായ ഇലകമണ്‍ പഞ്ചായത്ത് അധികൃതര്‍ എന്നിവരെ അറിയിക്കാതെ തെളിവെടുപ്പ് നടത്തി. ലിജിയും അഭിഭാഷകനും മാത്രമാണ് തെളിവെടുപ്പില്‍ ഹാജരായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെയും രേഖകള്‍ പരിശോധിക്കാതെയും ലിജിയുടെ വാദം മാത്രം പരിഗണിച്ച് ദിവ്യ ഭൂമി പതിച്ച് നല്‍കുകയായിരുന്നു. ലിജി നല്‍കിയ അപേക്ഷയില്‍ വര്‍ക്കല ഭൂരേഖ തഹസില്‍ദാരാണ് അപ്പീല്‍ പ്രതി. അദ്ദേഹത്തെ പോലും തെളിവെടുപ്പ് അറിയിക്കാതിരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നു.
സ്ഥലം എം.എല്‍.എ വി ജോയി എംഎല്‍എയുടെ പരാതി പ്രകാരം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതിനും മുമ്പ് വി.എസ് ജോയി ഇക്കാര്യം കെ.എസ് ശബരീനാഥിനോട് പറഞ്ഞിരുന്നു. ദിവ്യാ എസ്. അയ്യര്‍ ഭൂമി കൈമാറിയ നടപടി ക്രമത്തില്‍ അസ്വഭാവികതയുണ്ടെന്ന് കണ്ടെത്തിയതിനാല്‍ റവന്യൂവകുപ്പ് ഭൂമി ദാനം സ്‌റ്റേ ചെയ്തു. സബ് കലക്ടര്‍ സ്ഥാനത്തു നിന്ന് ദിവ്യയെ മാറ്റി. തഹസീല്‍ദാരെയും വില്ലേജ് ഓഫീസറെയും വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ തെളിവെടുപ്പ് നടത്തി. ഭൂമി അളക്കാന്‍ സര്‍വേ സൂപ്രണ്ടിനെ നിയോഗിച്ചു. പരിശോധനയില്‍ ദിവ്യ ലിജിക്ക് ദാനം നല്‍കിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തെളിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു. ഇപ്പോള്‍ അവിടെ പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനുള്ള അനുമതിയും നല്‍കി.
https://www.facebook.com/Malayalivartha
























