പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി

ഉടമസ്ഥരെ കണ്ടെത്തുന്നതിനായി കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച പത്തു ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അബ്ബാസലിക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യപ്രകാരം കൊണ്ടോട്ടി എഎസ്പി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. വിവിധ കാലയളവില്‍ കളഞ്ഞു കിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്‌റ്റേഷനില്‍ ഏല്‍പിച്ച സ്വര്‍ണവും മോഷ്ടിച്ചത് മുന്‍ എസ്എച്ച്ഒ ആണെന്ന് എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പാലക്കാട് സൗത്ത് എസ്എച്ച്ഒ ചുമതലയില്‍ ഇരിക്കെ മറ്റൊരു കൃത്യവിലോപത്തിനു നേരത്തെയും അബ്ബാസലി സസ്‌പെന്‍ഷനില്‍ ആയിരുന്നു.
2018ന് മുന്‍പും ശേഷവും വിവിധ സമയങ്ങളിലായി വിമാനത്താവളത്തിന്റെ പരിസരത്തു നിന്നും മറ്റിടങ്ങളില്‍ നിന്നും കളഞ്ഞുകിട്ടി നാട്ടുകാരും മറ്റും സ്‌റ്റേഷനില്‍ എത്തിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സംവിധാനം സ്‌റ്റേഷനിലുണ്ട്. ആ ലോക്കറില്‍ സൂക്ഷിച്ച നാലു പവന്‍ മാല, ബ്രേസ്‌ലറ്റ്, ചെറിയ മാല, കമ്മല്‍, മോതിരം എന്നിവയാണ് കാണാതായത്.
നേരത്തെ കൃത്യവിലോപം നടത്തിയതിനു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ കൊണ്ടുപോയ സ്വര്‍ണം തിരികെ നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനും നീക്കം നടത്തിയതായി കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയത്. സ്വര്‍ണം കൈവശം വന്ന് പോയെന്നും പിന്നീട് അക്കാര്യം മറന്നു പോയെന്നുമാണ് ഉദ്യോഗസ്ഥന്‍ എഎസ്പിയോട് പറഞ്ഞത്. സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജന്‍സ്) നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറത്തുവന്നത്. സുരക്ഷിത കസ്റ്റഡിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവം ആണെന്നുമാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























