ഗര്‍ഭപാത്രം നീക്കം ചെയ്ത കാന്‍സര്‍ രോഗിയ്ക്ക് സ്വന്തരക്തത്തിലുള്ള കുഞ്ഞ് വേണമെന്ന ആഗ്രഹം സഫലമായി!മെഡിക്കല്‍ രംഗത്ത് ഇത് അത്ര സാധാരണമല്ലാത്തത്!

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചു ഗര്‍ഭാശയവും അണ്ഡവാഹിനിക്കുഴലും ഒരു അണ്ഡാശയവും നീക്കം ചെയ്ത, വടക്കന്‍ കേരളത്തില്‍ നിന്നുള്ള യുവതിക്ക്, സ്വന്തം കുഞ്ഞെന്ന ആഗ്രഹം സഫലമായി. കാന്‍സര്‍ ബാധിച്ച് ലേക് ഷോര്‍ ആശുപത്രിയില്‍ 2014-ലാണു യുവതി ഡോ. ചിത്രതാരയുടെ ചികിത്സയ്‌ക്കെത്തിയത്. ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി.
കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍, ഭാവിയില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കാനുള്ള മാര്‍ഗങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണു ചെയ്തത്. ആരോഗ്യമുള്ള ഒരു അണ്ഡാശയം സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ടുള്ളതാണു ശസ്ത്രക്രിയ.
സാധാരണയായി ഇടുപ്പില്‍ റേഡിയേഷന്‍ ചെയ്യുമ്പോള്‍ അത് അണ്ഡാശയത്തെ പ്രവര്‍ത്തനരഹിതമാക്കും. അണ്ഡാശയത്തെ വയറ്റിലെ തൊലിക്കു കീഴിലേക്കു മാറ്റി സംരക്ഷിച്ചു കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പ്രത്യുല്‍പാദനത്തിനു വേണ്ടിവരുന്ന അണ്ഡശേഖരണം എളുപ്പമാക്കാനും പിന്നീടുള്ള ചികിത്സാഘട്ടങ്ങളില്‍ അണ്ഡാശയത്തിനു കോട്ടം സംഭവിക്കാതിരിക്കാനും ഇതിലൂടെ സാധിച്ചു.
രണ്ടു വര്‍ഷത്തെ ചികിത്സയില്‍ അര്‍ബുദം പൂര്‍ണമായി ഭേദപ്പെട്ടു എന്ന് ഉറപ്പു വരുത്തിയ ശേഷമാണു ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്കായി യുവതിയെ ചെന്നൈയിലെ ആശുപത്രിയിലേക്ക് അയച്ചത്. വയറ്റിലെ തൊലിക്കു താഴെ സംരക്ഷിച്ചു നിലനിര്‍ത്തിയ അണ്ഡാശയത്തില്‍ നിന്നുള്ള അണ്ഢം എടുത്ത്, വാടക ഗര്‍ഭപാത്രം ഉപയോഗിച്ചാണ്് യുവതി അമ്മയായത്. ഗര്‍ഭാശയ കാന്‍സര്‍ പ്രാരംഭ ദശയില്‍ തന്നെ ചികില്‍സിച്ചു ഭേദമാക്കിയ ശേഷവും സ്വന്തം കുഞ്ഞെന്ന ആഗ്രഹം സഫലമാകുമെന്നതിന്റെ തെളിവാണ് ഇതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























