ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇന്ത്യൻ റെയിൽവേ ഇരട്ടിയായി വർധിപ്പിച്ചു. ഇതുവരെ പരമാവധി 500 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. ശുചീകരണ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ പിഴത്തുക 1,000 രൂപയാക്കി വർദ്ധിപ്പിച്ചത്.
ആഗസ്റ്റ് 24ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരമാണ് പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നത്. 2012ലെ റെയിൽവേ ശുചീകരണ ചട്ടങ്ങളിലാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിട്ടുള്ളത്. റെയിൽവേ ഉദ്യോഗസ്ഥർ ചുമത്തുന്ന പിഴ അടയ്ക്കാൻ തയ്യാറാകാത്ത പക്ഷം കുറ്റക്കാരെ കോടതിയിൽ ഹാജരാക്കുന്നതായിരിക്കുമെന്നും ഗസറ്റിൽ പറയുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്തനായിൻ അധികാരമുണ്ടായിരിക്കും.
ഏതൊക്കെ കാര്യങ്ങൾക്ക് പിഴ ലഭിക്കുക എന്നതും വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും നിശ്ചിത സ്ഥലങ്ങൾ അല്ലാത്തിടത്ത് മാലിന്യം വലിച്ചെറിയുക, അനുവാദമില്ലാതെ ഭക്ഷണം പാകം ചെയ്യുക, തുപ്പുക, മലമൂത്രവിസർജനം നടത്തുക, തുണികളും പാത്രങ്ങളും വാഹനങ്ങളും കഴുകുക, റെയിൽവേ സ്വത്തുക്കൾ വികൃതമാക്കുക തുടങ്ങിയവയെല്ലാം പുതിയ ചട്ടപ്രകാരം കുറ്റകരമാണ്. റെയിൽവേയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരായ സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്സ്യൽ വിഭാഗത്തിലെ ടിക്കറ്റ് കലക്ടർമാർ അല്ലെങ്കിൽ തത്തുല്യരായ മറ്റ് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പിഴ ഈടാക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























