കുരുക്കുമുറുക്കി കോണ്‍ഗ്രസ്... ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് തോറ്റാല്‍ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കോണ്‍ഗ്രസിന് ആവേശമാകുന്നു; വെള്ളാപ്പള്ളിയെ മൊട്ടയടിപ്പിച്ച് കാശിക്കയയ്ക്കാന്‍ കോണ്‍ഗ്രസ്

ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞു. ആലപ്പുഴയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വെള്ളാപ്പള്ളിയ്ക്ക് മധുര പ്രതികാരം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
അതേസമയം വെള്ളാപ്പള്ളി മുമ്പും ഇതുപോലെയുള്ള പ്രസ്താവന നടത്തിയിട്ടുള്ളതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിഷ്ണുനാഥ് ജയിച്ചാല്‍ മീശ വടിയ്ക്കുമെന്ന് വെള്ളാപ്പള്ളി വീമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ വിഷ്ണുനാഥ് ജയിച്ചിരുന്നു. വെള്ളാപ്പള്ളി മീശ വടിച്ചതുമില്ല. അന്ന് മീശ വടിക്കാനുള്ള ബ്ലേഡും മറ്റും യൂത്ത് കോണ്‍ഗ്രസുകാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇത്തവണ വിടില്ലെന്നാണ് അവര്‍ പറയുന്നത്.
തെരഞ്ഞെടുപ്പായ തെരഞ്ഞെടുപ്പുകളില്‍ വെള്ളാപ്പള്ളി പ്രവചനം നടത്താറുണ്ട്. അത് മിക്കവയും ഫലിച്ച് കാണാറില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാല്‍ തോല്‍ക്കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നവരൊക്കെ തോറ്റിട്ടേയുള്ളു എന്നൊക്കെ ചിലര്‍ പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കരുത്. 2011 നിയസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറിയാല്‍ രണ്ടോ മൂന്നോ സീറ്റേ അധികം കിട്ടുകയുള്ളു എന്ന് പ്രവചിച്ചതിന് വക്കം പുരുഷോത്തമന്റെ കൈയ്യില്‍ നിന്ന് സ്വര്‍ണമോതിരം സമ്മാനം കിട്ടിയ കക്ഷിയാണ് വെള്ളാപ്പള്ളി.
കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവേയാണ് വെള്ളാപ്പള്ളി മനസ് തുറന്നത്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ താന്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഏതായാലും മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുത്. മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോല്‍പിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്.ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ ആറ് നിലയില്‍ പൊട്ടും. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാല്‍ പിന്മാറിയത്.
താന്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ തരൂര്‍ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണക്കും. പക്ഷേ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണ്. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമായി. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ സീറ്റ് നല്‍കുമെന്ന് നേരത്തെതന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് അമിത് ഷാ നിലപാട് വ്യക്തമാക്കിയിരുന്നു.
തുഷാര്‍ മത്സരിക്കുന്നത് തിരഞ്ഞടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഗുണകരമാകുമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവും തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചായുമോയെന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു. തുഷാര്‍ മത്സരിക്കുന്നതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിക്കുന്നതും.
https://www.facebook.com/Malayalivartha
























