കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാനായി ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസറുദ്ദീന്‍റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി അസർ.
ബാറ്റിങ് വിസ്മയം തീർത്ത അസറിന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിൽ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തുകയും ചെയ്തു.
തങ്ങളുടെ ആറാം മത്സരത്തിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ആകാശിനെ നഷ്ടമായെങ്കിലും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അസർ ബാറ്റുവീശിയത്. അഖിൻ സത്താർ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറിൽ രണ്ട് ഫോറുകൾ നേടി നയം വ്യക്തമാക്കുകയും ചെയ്തു. വെറും 56 പന്തിൽ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ താരം 60 പന്തിൽ 112 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു.
പത്ത് കൂറ്റൻ സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ആ വെടിക്കെട്ട് ഇന്നിങ്സ്. അവസാന അഞ്ച് ഓവറിൽ മാത്രം 68 റൺസാണ് അസറിന്‍റെ ചിറകിലേറി ആലപ്പി അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മൂന്നാം പന്തിൽ പടുകൂറ്റൻ സിക്സർ പറത്തി അസർ തന്നെ ആലപ്പിയുടെ വിജയമുറപ്പിക്കുകയും ചെയ്തു.
പവർപ്ലേ ഓവറുകളിൽ ബൗളർമാർക്ക് മേൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്ന അസറിന്‍റെ ഭയമില്ലാത്ത ബാറ്റിംഗാണ് എല്ലാ മത്സരങ്ങളിലും ടീമിന് കരുത്തുറ്റ അടിത്തറ നൽകുന്നത്. ആറ് മത്സരങ്ങളിൽ നിന്നായി മൂന്ന് അർദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉൾപ്പെടെ 419 റൺസാണ് താരം ഇതിനോടകം നേടിയത്. വെറും 208 പന്തുകളിൽ നിന്നാണ് അസർ ഇത്രയും റൺസ് നേടിയത് എന്നതും ശ്രദ്ധേയമാണ്.
"
https://www.facebook.com/Malayalivartha
























