ന്യൂസിലന്‍ഡ് ഭീകരാക്രമണ കൂട്ടക്കുരുതിയില്‍ കൊടുങ്ങല്ലൂര്‍കാരിയായ അന്‍സിയുടെ ജീവനും പൊലിഞ്ഞ വാര്‍ത്ത നാട്ടുകാര്‍ കേട്ടത് ഞെട്ടലോടെ

ലോകം നടുക്കത്തോടെ കേട്ട ന്യൂസിലന്‍ഡ് ഭീകരാക്രമണ കൂട്ടക്കുരുതിയില്‍ കൊടുങ്ങല്ലൂര്‍കാരിയായ അന്‍സിയുടെ ജീവനും പൊലിഞ്ഞത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. ന്യൂസിലന്‍ഡില്‍ നടന്ന ഭീകരപൈശാചികതയുടെ അലയൊലിയും അലമുറയും ഇങ്ങ് കൊടുങ്ങല്ലൂരിലും എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഭീകരാക്രമണം നടന്ന വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ന്യൂസിലന്‍ഡില്‍ നിന്ന് വന്നിരുന്ന സന്ദേശങ്ങള്‍ അന്‍സിയുടെ ബന്ധുക്കള്‍ക്ക് വളരെയേറെ ആശങ്ക ഉണ്ടാക്കിയിരുന്നു. കാലിന് പരിക്കേറ്റുവെന്ന വിവരമായിരുന്നു ആദ്യം അവര്‍ക്ക് ലഭിച്ചത്.
അതേസമയം നാട്ടിലെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അന്‍സിയുടെ ഭര്‍ത്താവ് അബ്ദുല്‍ നാസറിന്റെ ഫോണ്‍ സന്ദേശങ്ങളും. മരണം അന്‍സിയുടെ ഭര്‍ത്താവിന് പോലും സ്ഥിരീകരിക്കാനാകാത്ത സാഹചര്യമായിരുന്നത്രേ. പിന്നീട് ന്യൂസിലന്‍ഡില്‍നിന്ന് 2000 കിലോമീറ്റര്‍ അകലെ പിതൃസഹോദരന്റെ മകന്‍ ഫഹദ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്. പിറകെ ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിക്ക് വെടിയേറ്റത് അറിയിച്ചു. ഫഹദ് നേരത്തേ ന്യൂസിലന്‍ഡിലാണ്. ഈ ബന്ധം വഴിയാണ് അന്‍സി ഉയര്‍ന്ന പഠനത്തിനും, ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ ജോലിക്കുമായി ന്യൂസിലന്‍ഡില്‍ എത്തുന്നത്. മാതാവും സഹോദരനും മാത്രമുള്ള ഒരു സാധാരണ കുടുംബമായിരുന്നു അന്‍സിയുടേത്.
ന്യൂസിലന്‍ഡില്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ കൊടുങ്ങല്ലൂര്‍കാരി അന്‍സി ഭര്‍ത്താവിനൊപ്പം ന്യൂസിലന്‍ഡിലേക്ക് പോയത് ഒരു വര്‍ഷം മുമ്പ്. ഭീകരാക്രമണത്തിനുപിന്നാലെ അന്‍സിയെ കാണ്‍മാനില്ലെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. ഇതിന് പിറകെ കാലിന് പരിക്കേറ്റ് ആശുപത്രിയിലാണെന്ന വിവരം കിട്ടി. അതേസമയം അവിടെയുള്ള ഭര്‍ത്താവിന് അന്‍സിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്ന് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ നാട്ടിലുള്ളവര്‍ ഉല്‍കണ്ഠയിലായി. ഇതിനിടെ ശനിയാഴ്ച വൈകീട്ട് 5.30ഓടെ മരണം സ്ഥിരീകരിച്ചുള്ള സന്ദേശം നാട്ടിലെത്തുകയായിരുന്നു.വെള്ളിയാഴ്ച ഇരുവരും നമസ്‌കാരത്തിന് പള്ളിയിലുണ്ടായിരുന്നു. അല്‍നൂര്‍ മസ്ജിദില്‍ സ്ത്രീകളുടെ ഭാഗത്തായിരുന്നു അന്‍സി. വെടിവെപ്പിനിടെ പരിഭ്രാന്തരായി എല്ലാവരും ഓടി. അക്രമത്തെ തുടര്‍ന്ന് പള്ളി പൊലീസ് അടച്ചതിനാല്‍ അന്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
അന്‍സിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനായുള്ള നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസും നോര്‍ക്ക വഴിയുമാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. നടപടി പൂര്‍ത്തിയാകുന്നതോടെ വൈകാതെ മൃതദേഹം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























