ഇന്നു മുതല്‍ അമൃതരാജ്യറാണി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ നേരത്തെ പുറപ്പെടും

തിരുവനന്തപുരത്തുനിന്നുള്ള മാംഗളൂര്‍ എക്‌സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റിയതിനെതുടര്‍ന്നുള്ള യാത്രക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന് അമൃതരാജ്യറാണി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ നേരത്തേയാക്കി. രാത്രി 8.30നുള്ള മാംഗളൂര്‍ എക്‌സ്പ്രസ് കൊച്ചുവേളിയിലേക്ക് നീട്ടിയതോടെ രാത്രി ഏഴിനുള്ള മലബാറിനു ശേഷം 10 വരെ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് കൊച്ചി ഭാഗത്തേക്ക് ട്രെയിനുകളൊന്നും ഇല്ലാത്ത സ്ഥിതിയായിരുന്നു.
10ന് പുറപ്പെടുന്ന അമൃതരാജ്യറാണിയായിരുന്നു പിന്നെ ആശ്രയം. ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച മുതല്‍ അമൃതരാജ്യറാണി എക്‌സ്പ്രസ് തമ്പാനൂരില്‍ രാത്രി ഒമ്പതിന് പുറപ്പെടുന്ന വിധം സമയം പുനഃക്രമീകരിച്ചത്. ഏപ്രില്‍ 24 വരെയാണ് ഈ ക്രമീകരണം. എറണാകുളം അങ്കമാലി മേഖലയിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഒരു മണിക്കൂര്‍ നേരത്തേയാക്കിയതെന്നാണ് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍, രാത്രികാല യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് നടപടിയെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
തൃശൂര്‍ വരെ ഒരുമണിക്കൂര്‍ നേരത്തേയെത്തുന്ന െട്രയിന്‍ തുടര്‍ന്ന് ഇവിടെ നിര്‍ത്തിയിട്ടശേഷം പഴയ സമയക്രമം പാലിച്ചാവും തുടര്‍യാത്ര. തമ്പാനൂരില്‍നിന്ന് രാത്രി 8.30ന് പുറപ്പെട്ടിരുന്ന മംഗളൂരു എക്‌സ്പ്രസ് മൂന്നു മാസമായി യാത്രതുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കൊച്ചുവേളിയിലാണ്. ഫെബ്രുവരി ആറുവരെയും തുടര്‍ന്ന് മാര്‍ച്ച് ആറുവരെയും ഒരോ മാസം വീതമായിരുന്നു ആദ്യ ദീര്‍ഘിപ്പിക്കല്‍.
ഇക്കുറി മൂന്നു മാസത്തേക്കാണ് സര്‍വിസ് നടത്തിപ്പ് കൊച്ചുവേളിയിലേക്ക് നീട്ടിയത്. അതിനിടെ നാഗര്‍കോവില്‍കന്യാകുമാരി സെക്ഷനിലെ അറ്റക്കുറ്റപ്പണിയുടെ പേരില്‍ രാത്രി 7.25ന് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള മെമു സര്‍വിസ് കൂടി തിങ്കളാഴ്ച മുതല്‍ റദ്ദാക്കുന്നതോടെ യാത്രാദുരിതം വര്‍ധിക്കുന്ന സാഹചര്യമാണ്.
"
https://www.facebook.com/Malayalivartha
























