കാര്യസാധ്യത്തിന് ഭഗവാന് നേര്‍ച്ച മദ്യം; 101 കുപ്പി ഓള്‍ഡ് മോങ്ക് നടയ്ക്കല്‍ സമര്‍പ്പിച്ച് ഭക്തന്‍

ക്ഷേത്രങ്ങളിലെല്ലാം ഉല്‍സവക്കാഴ്ചകളുടെ കാലമാണ്. ഇക്കൂട്ടത്തില്‍ വിചിത്രമായ ഒട്ടേറെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ ഇവിടെ ഈ വര്‍ഷത്തെ നടവരവില്‍ ലഭിച്ചത് 101 കുപ്പി വിദേശമദ്യമാണ്. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 ന് നടക്കുന്ന ഉത്സവാഘോഷത്തിന് മുന്നോടിയായി കിട്ടിയ നടവരവിലാണ് ഇത്രയും മദ്യകുപ്പികള്‍ ലഭിച്ചത്.
101 കുപ്പിയും ഓള്‍ഡ് മങ്കിന്റേതാണ്. ചില ക്ഷേത്രങ്ങളില്‍ നിവേദ്യമായി കള്ള് സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ കേരളത്തില്‍ പലയിടത്തും കാണാറുണ്ട്. എന്നാല്‍ വിദേശ മദ്യം സമര്‍പ്പിക്കുന്ന ചടങ്ങ് ഏറെ കൗതുകമുണര്‍ത്തുന്നതാണ്.
കൗരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശളവരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ ക്ഷേത്രങ്ങളുണ്ട്. ഈ 101 പേര്‍ക്കായാണ് 101 കുപ്പി റം ഭക്തര്‍ കാഴ്ചവെക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് ഈ മദ്യസമര്‍പ്പണം ഇപ്പോഴും തുടരുന്നതെന്നാണ് ഐതിഹ്യം. ഇത്തവണ കിട്ടിയ ഓള്‍ഡ് മങ്കിന്റെ കുപ്പികളുടെ ചിത്രം ഉള്‍പ്പെടെ ദീപു എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. നാടിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ട് ഇട്ട കുറിപ്പ് വൈറലായതോടെ കമന്റുകളുമായി ഒട്ടേറേ പേരും രംഗത്തെത്തി.
https://www.facebook.com/Malayalivartha
























