തുലാഭാരത്തിനിടയിൽ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം വേണമെന്ന് തരൂർ

തുലാഭാരത്തിനിടയിൽ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം വേണമെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. എങ്ങനെയാണ് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് അറിയില്ല. അതിനാൽ അന്വേഷണം വേണം. ഡിസിസി പ്രസിഡന്‍റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. എൺപത്തി മൂന്ന് വയസ്സുള്ള എന്‍റെ അമ്മ പറഞ്ഞത്, ജീവിതത്തിൽ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതാണ് നല്ലതാണ്. എനിക്കല്ലെങ്കിൽ നാളെ വേറെ ഒരാൾക്ക് ഇങ്ങനെയൊരു അപകടം ഉണ്ടാകരുതല്ലോ', തരൂർ പറഞ്ഞു.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയായിരുന്നു അപകടം. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശശി തരൂരിനെ കാണാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ എത്തി. ശശി തരൂർ ട്വീറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
നിർമല സീതാരാമൻ ആശുപത്രിയിൽ സന്ദർശിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് തരൂർ ട്വീറ്റ് ചെയ്തത്. ശശി തരൂരിന്‍റെ ട്വീറ്റ് ഇങ്ങനെ, "കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്ക് ഇടയിലും നിർമല സീതാരാമൻ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയത് ഉള്ളിൽ തട്ടി. മര്യാദയെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവമായ ശ്രേഷ്ഠതയാണ്. അത്തരമൊരു സവിശേഷത അവരിൽ കാണാൻ കഴിഞ്ഞത് മഹത്തരമാണ്"- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രം അധികൃതർ രംഗത്തെത്തിയിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂർ തുലാഭാര വഴിപാട് നടത്തിയത്. നിർദ്ദേശം അനുസരിക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആർ പി നായർ വിശദീകരിച്ചു. കൂടാതെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.
അതേസമയം വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ ശശി തരൂർ പങ്കെടുക്കും. വിശ്രമം വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ രണ്ട് ദിവസത്തേക്ക് പ്രചാരണപരിപാടികളിൽ പങ്കെടുക്കില്ല.
https://www.facebook.com/Malayalivartha
























