കൊച്ചി അമൃത ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം

മംഗലാപുരത്തു നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ ഉടനെ നടത്താന്‍ സാധിക്കില്ല. ഹൃദയ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം, കുഞ്ഞിനെ അമൃത ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, ജനങ്ങളും പൊലീസും സഹകരിച്ചെന്ന് പറഞ്ഞു. കുട്ടിയുടെ ചികിത്സാചിലവ് സര്‍ക്കാരാണ് വഹിക്കുക. കുഞ്ഞിനെ ചികിത്സയ്ക്കായി മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ എത്തിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. പിന്നീടാണ് തീരുമാനം മാറ്റിയത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം രംഗത്തെത്തിയിരുന്നു. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്നായിരുന്നു ഇവര്‍ വാശിപിടിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞത്. ഒടുവില്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ പുറപ്പെട്ട ആംബുലൻസ് മൂന്ന് മണി കഴിഞ്ഞപ്പോൾ തന്നെ കോഴിക്കോട് പിന്നിട്ടിരിന്നു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34 കാരനാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കുഞ്ഞിനെ കൊണ്ടുവന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്ബതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ആംബുലന്‍സില്‍ അമൃതയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് എത്രയും വേഗത്തില്‍ കുഞ്ഞിനെ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഹസ്സന്‍ ഏറ്റെടുത്തത്.
സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്. ഇതാദ്യമായല്ല ഹസ്സന്‍ ദേളി ദീര്‍ഘദൂര യാത്രകള്‍ ഏറ്റെടുക്കുന്നത്. 2017 ഡിസംബര്‍ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സന്‍ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സന്‍ മാറിയിരുന്നു.
https://www.facebook.com/Malayalivartha
























