'തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ അവർ ഇങ്ങനെ പറയും ; പിന്നെ കാണില്ല,; വോട്ട് ബഹിഷ്കരിച്ച് മധുവിന്റെ നാട്ടുകാർ

സംസ്ഥാനത്ത് തെരെഞ്ഞെടുപ്പിനു ഇനി ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെ വോട്ട് ബഹിഷ്ക്കരിച്ച് അട്ടപ്പാടിയിലെ മധുവിന്റെ നാട്ടുകാർ. പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്നാണ് ഇവർ തീരുമാനമെടുത്തിരിക്കുന്നത്. കുടിവെള്ളം റോഡ് എന്നിവ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ നീക്കത്തിനൊരുങ്ങിയിരിക്കുന്നത്. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് വോട്ട് ബഹിഷ്കരിച്ചിരിക്കുന്നത്. കാലങ്ങളായുള്ള അവഗണനയ്ക്ക് മറുപടിയായി വോട്ട് ബഹിഷ്കരിച്ച് മറുപടി നല്‍കാനാണ് ഇവരുടെ തീരുമാനം.
മകന്റെ കൈകൾ കൂട്ടിക്കെട്ടി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ ഓർമ്മ മധുവിന്റെ അമ്മ മല്ലിയെ വിട്ടുപോയിട്ടില്ല . തനിക്കൊരു മകനെ തരാന്‍ പറ്റുമോയെന്ന് മല്ലി ചോദിക്കുന്നു. കേസില്‍ ഒരു പുരോഗതിയില്ലെന്ന പരാതി ഈ അമ്മയ്ക്കുണ്ട്.എന്നാല്‍ മധു കൊല്ലപ്പെട്ട സമയത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങി. ഒന്നും നടന്നില്ലെന്ന് മധുവിന്റെ ഊരുകാര്‍ പറയുന്നു. ആവശ്യങ്ങളുമായി സമീപിക്കുമ്പോള്‍ ഇനി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നാണ് അവര്‍ പറയുന്നതെന്ന് ഇവര്‍ വിശദമാക്കുന്നു.
ഇതെല്ലാം കൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ചിണ്ടക്കിയൂരുകാർ കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























