കാട്ടാക്കടയിലെ സ്കൂട്ടർ വർക്ക്ഷോപ്പിൽ വൻ തീപിടുത്തം; കടയും ഇരുപത്തഞ്ചോളം സ്കൂട്ടറുകളും ബൈക്കുകളും കത്തിനശിച്ചു

തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിൽ സ്കൂട്ടർ വർക്ക്ഷോപ്പിൽ വൻ തീപിടുത്തം. ഇരുപത്തഞ്ചോളം സ്കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. കട പൂർണ്ണമായും കത്തി. പാലേലി സ്വദേശി ജയന്റെ വർക്ക്ഷോപ്പാണ് കത്തി നശിച്ചത്.
അർദ്ധരാത്രി 12 ഓടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. ഇവർ എത്തി തീ കെടുത്തിയെങ്കിലും വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചിരുന്നു. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻദുരന്തം ഒഴിവായി.
അതേസമയം ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ ഒന്നാകെ കത്തിയമർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























