എറണാകുളം ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് തുടങ്ങി

എറണാകുളം ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് തുടങ്ങി. ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീപോളിങ് നടക്കുന്നത്. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടുയന്ത്രത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഈ മാസം 23ന് ഈ ബൂത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. ബൂത്തില്‍ ആകെ 912 വോട്ടര്‍മാരാണുള്ളത്.
തെരഞ്ഞെടുപ്പുദിവസം 716 പേര്‍ വോട്ട് ചെയ്യാനെത്തി. വരിനിന്നവരിലൊരാള്‍ തലകറങ്ങി വീണതിനാല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. പോളിങ് അവസാനിച്ചശേഷം വോട്ടുയന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് റീഡിങ് ലഭിച്ചത് 43 വോട്ട് അധികം. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം റീ പോളിങ് നിശ്ചയിച്ചത്. സംസ്ഥാനത്ത് റീ പോളിങ് നടക്കുന്ന ഏക ബൂത്ത് കൂടിയാണിത്.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോള്‍ നടത്തും. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പൊലീസും ഡ്യൂട്ടിയിലുണ്ടാകും. വോട്ടര്‍മാരുടെ ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു.
https://www.facebook.com/Malayalivartha



























