ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ഇടയിലാണ് വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്‍(50)മരിച്ചത്. ഗൃഹപ്രവശനത്തിന്റെ ഭാഗമായി വീടിന് മുന്നിലെ പുല്ല് ചെത്തുന്നതിന് ഇടയില്‍ സമീപത്തെ ഡബിള്‍ പോസ്റ്റിന് കുറുകെയുള്ള ചാനലില്‍ കൈവെച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടമുണ്ടായ സ്ഥലത്ത് നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള മറ്റൊരു പോസ്റ്റ് ഇന്നലെ അജ്ഞാത വാഹനം ഇടിച്ച് മുറിഞ്ഞിരുന്നു.
വാഹനം ഇടിച്ചതോടെ ഇവിടെ വൈദ്യുതി ലൈനുകള്‍ അയയുകയും, ഡബിള്‍ പോസ്റ്റിലെ എര്‍ത്ത് വയര്‍ വൈദ്യുതി ലൈനില്‍ തട്ടി പോസ്റ്റിന് താഴെ എയര്‍ ബ്രേക് സ്വിച്ച് ഘടിപ്പിച്ചിട്ടുള്ള ചാനലിലേക്ക് അസാധാരണമായി വൈദ്യുതി പ്രവഹിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന യുവാവ് മരകഷ്ണം കൊണ്ട് തട്ടിമാറ്റിയപ്പോഴാണ് പോസ്റ്റില്‍ നിന്നും പിടിവിട്ടത്. ചാനലില്‍ കൈവച്ച് ജയകൃഷ്ണന്‍ സ്തംഭിച്ചു നില്‍ക്കുന്നത് കണ്ട് ഭാര്യയും മക്കളും ഓടി ഇയാളുടെ അടുത്തേക്ക് വരുന്നതിന് ഇടയിലാണ് പെയിന്റിങ് തൊഴിലാളി മരകഷ്ണം വെച്ച് തട്ടിയിട്ടത്. ഉടനെ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























