തമിഴ്നാട്ടിലെ വില്ലുപുരത്ത് കാറപകടത്തില്‍ മലയാളി നവവധുവും കാര്‍ ഡ്രൈവറും മരിച്ചു

കാര്‍, ടാങ്കര്‍ ലോറിയുടെ പിന്നിലിടിച്ചു നവവധുവായ നഴ്സും കാര്‍ ഡ്രൈവറും തമിഴ്നാട്ടിലെ വില്ലുപുരത്തു മരിച്ചു. തിടനാട് ചെമ്മലമറ്റം വെള്ളുക്കൂന്നേല്‍ കല്ലങ്കാട്ട് വി.സി.സെബാസ്റ്റ്യന്റെ (ദേവസ്യാച്ചന്‍) മകളും കുറുമ്പനാടം കുരിയച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസിന്റെ ഭാര്യയുമായ ലിസബത്ത്(27), കാര്‍ ഡ്രൈവര്‍ മാമ്മൂട് മാന്നില മാമ്പറമ്പില്‍ വില്‍സണ്‍ (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ലിസബത്തിന്റെ പിതാവ് വി.സി. സെബാസ്റ്റ്യന്‍(60), ലിസബത്തിന്റെ ഭര്‍തൃപിതാവ് കുറുമ്പനാടം മുള്ളന്‍കുഴി ജോസ്(59) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ജെറിന്റേയും ലിസബത്തിന്റേയും വിവാഹം. വിവാഹത്തിനു ശേഷം ഓസ്‌ട്രേലിയയില്‍ ജോലിയുള്ള ജെറിന്‍ ജനുവരിയില്‍ തന്നെ അവിടേക്ക് മടങ്ങി.
ചെന്നൈയിലുള്ള ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ ലിസബത്ത് അവിടുത്തെ ജോലി രാജിവച്ചു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂണില്‍ ജെറിനൊപ്പം ഓസ്ട്രേലിയയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ലിസബത്ത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, ടാങ്കര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടം. ഇന്നലെ പുലര്‍ച്ചെ നാലിനാണ് കുറമ്പനാടത്തുള്ള മുള്ളന്‍കുഴി വീട്ടില്‍നിന്ന് ജോസും ഡ്രൈവര്‍ വില്‍സനും ചേര്‍ന്നു ഭര്‍തൃപിതാവായ ജോസിന്റെ കാറില്‍ ചെന്നൈക്കു പുറപ്പെട്ടത്. ചെമ്മലമറ്റത്തുള്ള വീട്ടിലെത്തി ലിസബത്തിനെയും പിതാവ് സെബാസ്റ്റ്യനെയും കാറില്‍ കയറ്റി യാത്ര തുടരുകയായിരുന്നു. അപകട വിവരമറിഞ്ഞ കുറുമ്പനാടത്തേയും ചെമ്മലമറ്റത്തേയും ബന്ധുക്കള്‍ സംഭവസ്ഥലത്തിയിട്ടുണ്ട്.
ജോസിയാണ് ലിസബത്തിന്റെ അമ്മ. ജയിംസ് സെബാസ്റ്റ്യന്‍, മരിയ തെരേസ് എന്നിവര്‍ സഹോദരങ്ങളാണ്. മരിച്ച വില്‍സന്റെ ഭാര്യ: അന്നമ്മ. മക്കള്‍: അല്‍ഫോന്‍സ (ഒമ്പത്), ആഗ്‌നസ് (ആറ്).
https://www.facebook.com/Malayalivartha






















