അഫ്ഗാന് ഞെട്ടിത്തരിച്ചു... 400 ലധികം റണ്‍ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യയെ അഫ്ഗാന്‍ ചുരുട്ടിക്കൂട്ടി; അഫ്ഗാന്‍ ജയിക്കുമെന്ന് തോന്നിപ്പിച്ച ഓവറുകളില്‍ ദൈവദൂതനായി എത്തിയ മുഹമ്മദ് ഷമിയെ ഇന്ത്യക്കാര്‍ മറക്കില്ല; ആ വലിയ അപമാനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഷമി താരമായി

ഈസിയായി കണ്ട അഫ്ഗാന്‍ ടീം ഇന്ത്യയെ ശരിക്കും വെള്ളം കുടുപ്പിച്ചു. റെക്കോര്‍ഡ് റണ്ണ് പ്രതീക്ഷിച്ച ആരാധകര്‍ അവസാനം ഇന്ത്യ തോല്‍ക്കരുതേയെന്ന പ്രാര്‍ത്ഥനയിലായി. ഇന്ത്യയെ അപേക്ഷിച്ച് ആദ്യ സ്‌പെല്ലില്‍ ഈസിയായി ബാറ്റ് ചെയ്ത അഫ്ഗാന്‍ ശരിക്കും ജയിക്കുമെന്ന് തന്നെ തോന്നിപ്പിച്ചു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് എല്ലാ വിക്കറ്റുകളും നഷ്ടമായതോടെ വിജയം ഇന്ത്യയുടെ വശത്തായി.
അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റണ്‍സിന് അഫ്ഗാന്‍ ഓള്‍ഔട്ടായി. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഈ വിജയത്തിന് നന്ദി പറയേണ്ടത് മുഹമ്മദ് ഷമിയോടാണ്.
ലോകകപ്പിനിടെ ടീമിന്റെ സ്‌െ്രെടക്ക് ബൗളര്‍ക്ക് പരിക്കേറ്റതു കൊണ്ടു മാത്രം പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കുക, ആ മത്സരത്തിലെ നിര്‍ണായകമായ അവസാന ഓവറില്‍ ഹാട്രിക് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുക. മുഹമ്മദ് ഷമി എന്ന ഫാസ്റ്റ് മീഡിയം പേസ് ബൗളറുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും ആഹ്ലാദകരമായ മുഹൂര്‍ത്തത്തിനാണ് കഴിഞ്ഞ ദിവസം ഹാംഷയറിലെ റോസ്ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.
പന്ത്രണ്ടാം ലോകകപ്പില്‍ കരുത്തരായ ഓസീസിനേയും ദക്ഷിണാഫ്രിക്കയേയും പാരമ്പര്യവൈരികളായ പാകിസ്താനെയും കീഴടക്കി മുന്നേറുകയായിരുന്ന ടീം ഇന്ത്യ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാനെതിരേ തോല്‍ക്കുക എന്ന നാണക്കേടിന് തോട്ടരികില്‍ നില്‍ക്കുമ്പോഴായിരുന്നു ഷമി രക്ഷകനായി അവതരിച്ചത്.
2015 ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോ ആയിരുന്ന ഷമിക്ക് ഇത്തവണ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം ഫോം മങ്ങിയതായിരുന്നില്ല. പരിക്കു കാരണം മാസങ്ങളോളം കളിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ലോകകപ്പിന് തൊട്ടു മുമ്പ് മാത്രം ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുകയും ചെയ്ത ശേഷം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് മാത്രമായിരുന്നു.
പാകിസ്താനെതിരായ മത്സരത്തിനിടെ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ഷമിക്ക് അവസരം തെളിഞ്ഞു. ആദ്യ സ്‌പെല്ലില്‍ ഒരു വിക്കറ്റ് നേടിയ ഷമിയുടെ കൂടുതല്‍ (ആറ്) ഓവറുകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അവസാനത്തേക്ക് കരുതിവെക്കുകയായിരുന്നു.
ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഷമി ശരിയായ മറുപടിയും നല്‍കി. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 9.5 ഓവര്‍ ബൗള്‍ ചെയ്ത ഷമി 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ഇന്ത്യക്കും വിജയത്തിനുമിടയില്‍ വിലങ്ങു തടിയായി നിന്നിരുന്ന മുഹമദ് നബിയെ അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ ഷമി പുറത്താക്കിയതായിരുന്നു മത്സരത്തിലെ വഴിത്തിരിവ്. അടുത്ത രണ്ട് പന്തുകളില്‍ അവശേഷിച്ചിരുന്നു രണ്ട് അഫ്ഗാന്‍ വിക്കറ്റുകളും ഷമി തന്നെ നേടി.
40 ടെസ്റ്റില്‍ നിന്ന് 144 ഉം 64 ഏകദിനങ്ങളില്‍ നിന്ന് 117 ഉം വിക്കറ്റുകള്‍ നേടിയ ഈ 28കാരനാണ് ഇപ്പോള്‍ ഇന്ത്യന്‍ ദേശിയ ടീമിലെ ഏറ്റവും സീനിയര്‍ ബൗളര്‍. ആറ് വര്‍ഷം മുമ്പ് 2013ല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഷമി വിടാതെ പിന്തുടരുന്ന പരിക്കിനോട് പൊരുതിയാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്.
പന്ത് വിക്കറ്റിനിരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് ഷമിയെ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നമാക്കി മാറ്റുന്നത്. വിക്കറ്റിനു മുന്നില്‍ ആഗ്രഹിക്കുന്നിടത്ത് പന്ത് പതിപ്പിക്കാനുള്ള കെല്‍പ്പും ഷമിക്കുണ്ട്. പഴയ പന്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ മറ്റേത് പേസ് ബൗളറെക്കാളും മിടുക്കുണ്ട്. റിവേഴ്‌സ് സ്വിങും ബാറ്റ്‌സ്മാന്റെ മനസ്സില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന കൃത്യതയുള്ള യോര്‍ക്കറുകളും ഷമിക്ക് സ്വായത്തമാണ്. പരിക്കുകളുടെ ഇടവേളകള്‍ ഇല്ലായിരുന്നെങ്കില്‍ ഷമി ഇതിനകം ടെസ്റ്റില്‍ 200 വിക്കറ്റ് തികക്കുമായിരുന്നുവെന്നും കപിലിന് ശേഷം ഇന്ത്യ കണ്ട മികച്ച പേസ് ബൗളറാണെന്നും സുനില്‍ ഗാവസ്‌കര്‍ വിലയിരുത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ ഗ്രാമീണ കുടുംബത്തില്‍ നിന്ന് ക്രിക്കറ്റ് കളിച്ച് ഉയര്‍ന്നു വന്ന ഷമി ഗോഡ്ഫാദറോ വഴികാട്ടികളോ ഇല്ലാതെയാണ് ഇത്രത്തോളമെത്തിയത്. തകര്‍ന്ന വിവാഹ ബന്ധവും അതുമായി ബന്ധപ്പെട്ട കേസുകളും പോലീസ് നടപടികളുമെല്ലാമായി കലുഷിതമാണ് ഷമിയുടെ വ്യക്തി ജീവിതം. ഇടക്കാലത്ത് ക്രിക്കറ്റ് ജീവിതത്തിന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്ക് ഈ പ്രശ്‌നങ്ങള്‍ വളര്‍ന്നു. പരിക്കുകള്‍ക്കൊപ്പം ഇത്തരം പ്രശ്‌നങ്ങള്‍ കൂടി അതിജീവിച്ചാണ് ഷമി ക്രിക്കറ്റിലേക്ക് ഓരോ തവണയും തിരിച്ചു വന്നത്. ഓരോ വരവിലും കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സ്ഥിരം വാര്‍പ്പിലല്ല ഷമി രൂപപ്പെട്ടിരിക്കുന്നത്. പരസ്യങ്ങളിലും പാര്‍ട്ടികളിലും തിളങ്ങി നില്‍ക്കുന്ന ഗ്ലാമര്‍ താരമല്ല. മീഡിയക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ വിരളമാണ്. തന്റെ ബൗളിങ്ങിനെ കുറിച്ച് ചോദിച്ചാല്‍ തന്നെ അധികം സംസാരിക്കാതെ ഒഴിഞ്ഞു മാറുന്ന പ്രകൃതം. ടീമില്‍ നിന്ന് പുറത്താവുമ്പോള്‍ പരാതികളുന്നയിക്കാറില്ല. അതേപോലെ തന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കാറുമില്ല. ഗ്രാമീണമായി ചിട്ടവട്ടങ്ങളുള്ള ഒരു ക്രിക്കറ്റര്‍. മിതഭാഷിയാണ്. എന്നാല്‍ തന്റെ പന്തുകള്‍ കൊണ്ട് മറ്റുള്ളവരുടെ എല്ലാസംശയങ്ങള്‍ക്കും മറുപടി നല്‍കും. 28 വയസ്സ് പ്രായമായി ഷമിക്ക്. ആറോ ഏഴോ കൊല്ലം കൂടി കരിയര്‍ ദീര്‍ഘിച്ചാല്‍ അതുകൊണ്ടുള്ള നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിനായിരിക്കും. കാരണം അഫ്ഗാനിസ്താനെതിരെ കണ്ടതു പോലെ, സമ്മര്‍ദ ഘട്ടത്തില്‍ ഒട്ടും പതറാതെ പന്തെറിയാനുള്ള കെല്‍പ്പുണ്ട് ഷമിക്ക്.
https://www.facebook.com/Malayalivartha






















