ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറി. ഇന്ന് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ തടസപ്പെടുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒമ്പതോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നാല് വിമാനങ്ങൾ ജയ്പൂരിലേക്കും നാല് വിമാനങ്ങൾ ലഖ്‌നൗവിലേക്കും ഒരു വിമാനം അഹമ്മദാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
അതേസമയം, ബാരക്കാമ്പ റോഡ്, വടക്ക് കിഴക്കൻ ഡൽഹി, ജന്തർ മന്തർ തുടങ്ങിയയിടങ്ങളിൽ വീടുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പശ്ചിമ ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചതായാണ് റിപ്പോർട്ടുകളുള്ളത്. സാഗർപൂരിലെ ഗാന്ധി മാർക്കറ്റ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി.
വെള്ളക്കെട്ടിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഇന്നും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും മഴ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha



























