ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും മന്ത്രി ടി. സിദ്ദിഖ് . ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും.
ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് ₹35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























