നെടുങ്കണ്ടത്ത് കുത്തുകല്ലുകള്‍ കണ്ടെത്തിയത് ഗവേഷകര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തുന്നു

ഇടുക്കി നെടുങ്കണ്ടത്ത്, ശിലായുഗ മനുഷ്യര്‍ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകള്‍ കണ്ടെത്തി. നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാര്‍ഥികളാണ് കണ്ടെത്തലിനു പിന്നില്‍. കുത്തുകല്ലുകള്‍ക്കു മൂവായിരം വര്‍ഷത്തോളം പഴക്കമുണ്ട്.
നെടുങ്കണ്ടം പോതമേട് പത്തേക്കര്‍ ഭാഗത്ത് 2 ഏക്കര്‍ വിസ്തൃതിയിലാണ് ശിലായുഗ മനുഷ്യര്‍ വാന നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകള്‍ കണ്ടെത്തിയത്. ഗവേഷകനും നെടുങ്കണ്ടം ബിഎഡ് കോളജ് അസി. പ്രഫസറുമായ രാജീവ് പുലിയൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തല്‍ നടത്തിയത്.
20 അടി ഉയരത്തിലും, 7 അടി വീതിയിലും , 5 അടി കനത്തിലും ഉള്ളതാണ് കുത്തുകല്ലുകള്‍. നാല് മലകളുടെ മുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ആദിമ സംസ്‌കൃതിയുടെ തുടര്‍ച്ചയാണ് ഇവയെങ്കിലും കേരളത്തില്‍ മറ്റെവിടെയും കണ്ടെത്തിയിട്ടില്ലാത്ത വിധം വ്യത്യസ്ഥ നിര്‍മിതിയാണിത്.
കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ കണ്ടെത്തിയിട്ടുള്ള പുരാവസ്തു ശേഖരങ്ങള്‍ ഒന്നിച്ച് പരിശോധിക്കുവാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറിയവരാകാം ഇവിടെ കുത്ത്കല്ലുകള്‍ സ്ഥാപിച്ചതെന്ന വിലയിരുത്തലുകളുമുണ്ട്. വരും ദിവസങ്ങളില്‍ മേഖലയില്‍ കൂടുതല്‍ ഗവേഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.
https://www.facebook.com/Malayalivartha






















