കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് രംഗത്ത്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് രംഗത്ത്. അതേസമയം മുന്നണി വിടുമെന്ന് ജോസ്. കെ മാണി വാഭാഗം ഭീഷണിപ്പെടുത്തിയതോടെയാണ് ജോസഫ് മുട്ടുമടക്കിയതെന്ന് സൂചനയുണ്ട്. നീതിക്ക് നിരക്കാത്ത തീരുമാനമാണ് യൂ.ഡി.എഫ് നേതൃത്വം എടുത്തതെന്ന് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യു.ഡി.എഫിന്റെ ഐക്യം ഉറപ്പാക്കാനാണ് ഭീഷണിക്ക് വഴങ്ങിയത്. തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കാര്യങ്ങള്‍ വിലയിരുത്താന്‍ നാളെയും മറ്റന്നാളും ജില്ലാനേതൃയോഗങ്ങള്‍ ചേരും. ആരാണ് കേരളാ കോണ്‍ഗ്രസില്‍ ശക്തരെന്ന് താമസിക്കാതെ തെളിയിക്കും. പാര്‍ട്ടി ചെയര്‍മാന്‍ താനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇനിയുള്ള മുഴുവന്‍ കാലാവധിയും പി.ജെ ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. നീതിയുക്തമായ തീരുമാനം നേതൃത്വം എടുക്കണമായിരുന്നെന്നും മോന്‍സ് പറഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ താമസിക്കാതെ ശക്തി തെളിയിക്കുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. പാലായില്‍ ഉള്‍പ്പെടെ അടിയൊഴുക്കുകള്‍ ശക്തമാണ്. ഇത് മനസ്സിലാക്കാതെയാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ തെറ്റായ തീരുമാനം എടുത്തത്. തങ്ങളെ യു.ഡി.എഫ് പരിഗണിച്ചത് നിര്‍ണായക ശക്തിയാണെന്ന് തെളിഞ്ഞതിനാലാണ്. ജോസ് കെ.മാണിയുടെ ഭീഷണിക്ക് യു.ഡി.എഫ് നേതൃത്വം വഴങ്ങരുതായിരുന്നെന്നും ജോസഫ് പറഞ്ഞു. പ്രതിഷേധം കോണ്‍ഗ്രസിനെയും മുസ്്‌ലിംലീഗിനെയും ജോസഫ് അറിയിച്ചു.
സി.എഫ് തോമസും മോന്‍സ് ജോസഫും ജോയി എബ്രാഹാമും എന്നീ കോട്ടയത്ത് നിന്നുള്ള നേതാക്കള്‍ ഒപ്പമുണ്ടായിട്ടും വിചിത്രമായ ഫോര്‍മുലയാണ് യു.ഡി.എഫ് മുന്നോട്ട് വെച്ചത്. കെ.എം മാണി ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യതിചലിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ബാക്കി കേരളാ കോണ്‍ഗ്രസിനും നല്‍കണമെന്നായിരുന്നു ധാരണ. കോണ്‍ഗ്രസ് കാലാവധി കഴിഞ്ഞപ്പോള്‍ ഒന്നേകാല്‍ വര്‍ഷം മാണിവിഭാഗത്തിനും ബാക്കി സമയം ജോസഫിനും നല്‍കുമെന്നായിരുന്നു കേരളാ കോണ്‍ഗ്രസിലെ ഉറപ്പ്. അതാണ് യു.ഡി.എഫ് നേതൃത്വം ലംഘിച്ചത്. എന്നാല്‍ അവസാനത്തെ അഞ്ച് മാസം തങ്ങള്‍ക്ക് വേണമെന്ന ശക്തമായ നിലപാടിലാണ് ജോസഫ്.
താന്‍ തുറന്ന പോരിലേക്കെന്ന വ്യക്തമായ സൂചനയാണ് ജോസഫ് നല്‍കിയത്. അതിനാലാണ് ജില്ലാ അടിസ്ഥാനത്തില്‍ ശക്തി തെളിയിക്കുമെന്ന് ജോസഫ് യുദ്ധപ്രഖ്യാപനം നടത്തിയത്. തീരുമാനം യു.ഡി.എഫ് നേതൃത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി പിജെ ജോസഫിനെയും ജോസ് കെ മാണിയെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായത്തിനെത്താനായിരുന്നില്ല. ബുധനാഴ്ച ക്വാറം തികയാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് നടത്താന്‍ ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു നിര്‍ദ്ദേശിച്ചത്. പാലായില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ഈ പോര് യു.ഡി.എഫിന് വലിയ ക്ഷീണം ഉണ്ടാക്കും.
https://www.facebook.com/Malayalivartha






















