ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തണലായി ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍:- ട്രാന്‍സ്‌ജെന്‍ഡര്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുയി ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേ ഹോമിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴി വാര്‍ഡിലാണ് സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം (തണല്‍ ട്രാന്‍സ്‌മെന്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേ ഹോം) സ്ഥാപിച്ചത്. ക്വീയറിഥം സി.ബി.ഒ.യ്ക്കാണ് ഈ ഹോമിന്റെ നടത്തിപ്പ് ചുമതല. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്‌മെന്‍ വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭ്യമാണ്. ഹോമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തന്നെയാണ് ഹോമിലെ ജീവനക്കാര്‍ എന്നുള്ളതുകൊണ്ട് തന്നെ അവര്‍ക്ക് ജോലി ലഭ്യമാക്കാനും കെയര്‍ ഹോം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ഹോമുകള്‍ ആവശ്യമെങ്കില്‍ മറ്റു ജില്ലകളിലും ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 5 ഹോമുകളാണ് ആരംഭിക്കുന്നത്. ഇതില്‍ തിരുവനന്തപുരം ജില്ലയില്‍ ട്രാന്‍സ് വുമണിനും ട്രാന്‍സ്‌മെനുമായി രണ്ടു ഹോമുകള്‍ ആണ് ഉള്ളത്. സാമൂഹ്യനീതി വകുപ്പിന്റെ മഴവില്ല് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്‌റ്റേ ഹോമുകളെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിവിധ തരം പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി
https://www.facebook.com/Malayalivartha






















