തലയും ഉടലും വേര്‍പെട്ട് വലിയപറമ്പ് കടല്‍ത്തീരത്ത് ഭീമന്‍ തിമിംഗലത്തിന്റെ ജഡം, മണ്ണു മാന്തി യന്ത്രത്തിനും അഗ്‌നിശമന സേനക്കും നീക്കംചെയ്യാനായില്ല!

വലിയപറമ്പ് കടല്‍ത്തീരത്ത് ഭീമന്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. പഞ്ചായത്ത് ഓഫിസിനു പടിഞ്ഞാറു ഭാഗത്ത് ഇന്നലെ പുലര്‍ച്ചെയാണ് തിമിംഗലം കരക്കടിഞ്ഞത്. രണ്ട് ആനയെക്കാള്‍ ഭാരമുള്ള തിമിംഗലത്തെ നീക്കാനുള്ള ശ്രമങ്ങളെല്ലാം ആദ്യം പരാജയപ്പെട്ടു. ഭാരം നിമിത്തം മണ്ണു മാന്തി യന്ത്രത്തിനും അഗ്‌നിശമന സേനക്കും തിമിംഗലത്തെ നീക്കം ചെയ്യാനായില്ല. രണ്ടാമത്തെ മണ്ണു മാന്തി യന്ത്രവും കൂടി വന്നതോടെയാണ് കരയിലേക്കു അടുപ്പിക്കാനായത്. ദിവസങ്ങള്‍ക്കു മുന്‍പ് ചത്തതെന്നു കരുതുന്ന തിമിംഗലത്തില്‍ നിന്ന് അസഹനീയ ദുര്‍ഗന്ധമുയര്‍ന്നു. രക്തം വാര്‍ന്നു പോയിക്കൊണ്ടേയിരുന്നു.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു തിമിംഗലത്തിന്റെ ജഡം നീക്കുന്നതിനുള്ള ആദ്യ ശ്രമം. രാവിലെ 11-നു തുടങ്ങിയ ഈ ശ്രമം പരാജയപ്പെട്ടു. കടലിലും കരയിലുമായി കിടന്ന ഇതിനെ പിന്നീട് മുറിച്ചു മാറ്റി നീക്കാനുള്ള ശ്രമവും ഫലിച്ചില്ല. ഇതോടെ മണ്ണു മാന്തി യന്ത്രം പിന്‍വാങ്ങി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുടെ സഹായം തേടി. തൃക്കരിപ്പൂര്‍ നടക്കാവില്‍ നിന്നുമെത്തിയ സേനാ അംഗങ്ങള്‍ ശ്രമിച്ചിട്ടും അനക്കാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ മണ്ണു മാന്തി യന്ത്രം കൊണ്ടു വന്നു. 2 യന്ത്രങ്ങളും അഗ്‌നിശമന സേനാ അംഗങ്ങളും നാട്ടുകാരും കഠിനാധ്വാനം നടത്തിയതിനെ തുടര്‍ന്ന് വൈകിട്ടോടെ കരയിലേക്കു മാറ്റാന്‍ കഴിഞ്ഞു. 6 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ജഡം കരയോട് അടുപ്പിക്കാന്‍ കഴിഞ്ഞത്. തിമിംഗലത്തിന്റെ തലയും ഉടലും വേര്‍പെട്ടിരുന്നു.
ഉടല്‍ കിടന്നതിന്റെ ഏതാനും വാര അകലെയാണ് തല ഭാഗം കണ്ടെത്തിയത്. സമീപകാലത്തൊന്നും ഇത്രയും വലിയ തിമിംഗലത്തെ കാണാനായിട്ടില്ലെന്നു കടലോര വാസികള്‍ പറഞ്ഞു. തീരദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. യഥാവിധിയനുസരിച്ചു നീക്കം ചെയ്യാനും സംസ്‌കരിക്കാനും കഴിഞ്ഞില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മറ്റും കാരണമാകുമെന്ന ഭീതിയുണ്ട്. ഇതിനെ വെട്ടിമുറിച്ചു സംസ്‌കരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























