ഞെട്ടലോടെ കന്യാസ്ത്രീകള്‍... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കി; സിസ്റ്റര്‍മാരോട് ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു

ഒരിടവേളയ്ക്ക് ശേഷം ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കല്‍ കേസ് സജീവമാകുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കി. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്ബളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങള്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകള്‍ക്കെതിരെ നീക്കവുമായി ജലന്ധര്‍ രൂപത നേരത്തെ രംഗത്തെത്തിയിരുന്നു.
കോടതിയില്‍ ഹാജരാക്കപ്പെട്ട രേഖയില്‍ വൈരുദ്ധ്യം വന്നത് ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണെന്നും പൊതു സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രം ജനങ്ങള്‍ തിരിച്ചറിയുമെന്നും ജലന്ധര്‍ രൂപത ആരോപിച്ചു.
അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നല്‍കുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണ് എന്നും സിസ്റ്റര്‍ അനുപമ ആരോപിച്ചതിനു പിന്നാലെയാണ് ജലന്ധര്‍ രൂപത കന്യാ സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നത്. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതായും സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ കുറവിലങ്ങാട് മഠത്തില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനപരാതി നല്‍കിയത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ജലന്ധര്‍ പീഡനക്കേസിലെ ഫോണ്‍ രേഖകളുടെ ഫോറന്‍സിക് തെളിവുകള്‍ എത്രയും വേഗം ഹാജരാക്കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് കോട്ടയം എസ്പിയാണ് നിര്‍ദ്ദേശം നല്‍കി.
കോടതിയില്‍ നല്‍കിയ ഫോറന്‍സിക് തെളിവും അന്വേഷണ സംഘത്തിന് നല്‍കിയ പകര്‍പ്പും തമ്മില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. തെളിവുകളില്‍ വൈരുദ്ധ്യം സംഭവിച്ചത് അന്വേഷിക്കണമെന്നും എസ്പി നിര്‍ദ്ദേശം നല്‍കി.
ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയുമായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിവിഡിയിലാണ് വൈരുദ്ധ്യം കണ്ടെത്തിയത്. കേസിന്റെ വിചാരണയില്‍ നിര്‍ണായകമാകുന്ന വിവരങ്ങളില്‍ വൈരുദ്ധ്യം സംഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കും.
https://www.facebook.com/Malayalivartha
























