ഭാഗ്യം വരുന്ന വഴി... ശശി തരൂരിനെ നേതാവാക്കാന്‍ പഞ്ചാബ്, രാജസ്ഥാന്‍ ഘടകങ്ങള്‍; ശശി തരൂരിനെ പോലെ ആഴത്തില്‍ അറിവും സംസാരിക്കാന്‍ കഴിവുമുള്ള നേതാവിനെ ലോക്‌സഭാ കക്ഷി നേതാവക്കണമെന്ന ആവശ്യം ശക്തം; സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നിലപാട് നിര്‍ണായകം

കേരളത്തിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിക്കാത്ത ഭാഗ്യം ശശി തരൂരിന് ലഭിക്കുമെന്നാണ് സൂചന. അതും കേരളത്തിലെ നേതാക്കളുടെ ശക്തമായ എതിര്‍പ്പുള്ളപ്പോള്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് പദവിയില്‍നിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശി തരൂരിനെ നിയമിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്‍, പഞ്ചാബ് പിസിസി പ്രസിഡന്റുമാരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസ്ഥാന ഘടകങ്ങളുമായി ചര്‍ച്ച നടത്തിയപ്പോഴാണു സച്ചിന്‍ പൈലറ്റ് (രാജസ്ഥാന്‍), സുനില്‍ ഝക്കര്‍ (പഞ്ചാബ്) എന്നിവര്‍ ലോക്‌സഭാ കക്ഷി നേതൃപദവിയില്‍ അധീര്‍ ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടിയത്.
നിലവില്‍, നേതാവാകാന്‍ യോഗ്യന്‍ തരൂരാണെന്ന് ഇരുവരും വാദിച്ചു. കേരളത്തിനു ശേഷം കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റ് (8) ലഭിച്ച സംസ്ഥാനമായ പഞ്ചാബും യുവനേതാക്കളില്‍ പ്രമുഖനായ സച്ചിനും തരൂരിനു പിന്തുണയറിയിച്ചതോടെ, അണിയറ ചര്‍ച്ച സജീവമായി. അതേസമയം കേരള നേതാക്കള്‍ക്ക് ശശി തരൂരിന്റെ വളര്‍ച്ചയില്‍ താത്പര്യമില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതാവായാണ് ശശി തരൂര്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ ശശി തരൂരിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമം നടത്തിയിട്ടും വ്യക്തി പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് ജയിച്ച് കയറിയത്.
കശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ വിവാദ പരാമര്‍ശത്തിലൂടെ അധീര്‍ പാര്‍ട്ടിയെ വെട്ടിലാക്കിയത് ഇരുവരും യോഗത്തില്‍ ചൂണ്ടിക്കാട്ടി. 1948 മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തിലുള്ള കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നായിരുന്നു പരാമര്‍ശം.
ലോക്‌സഭയില്‍ ബിജെപിയെ ആശയപരമായി നേരിടാന്‍ കൂടുതല്‍ യോഗ്യന്‍ തരൂരാണെന്നും ഝക്കര്‍ കൂട്ടിച്ചേര്‍ത്തു. സച്ചിനും സമാന അഭിപ്രായം പങ്കുവച്ചു. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെ തരൂര്‍ കക്ഷി നേതാവാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി അധീറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
തരൂര്‍ നേതാവാകുന്നതിനെ കേരളത്തിലെ നേതൃത്വം കാര്യമായി പിന്തുണച്ചില്ലെന്നാണു സൂചന. തൃണമൂലിനെ തോല്‍പിച്ച അധീറിനെ നേതാവാക്കിയതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും നീരസമുണ്ട്.
അതേസമയം 'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബിജെപി ഭരണഘടന തിരുത്തിയെഴുതുമെന്നും 'ഹിന്ദു പാക്കിസ്ഥാന്‍' രൂപീകരിക്കാന്‍ അതു വഴി തെളിക്കുമെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം.
ഇത് അപസ്വരം ഉണ്ടാക്കുമെന്നാരോപിച്ച് സുമിത് ചൗധരി നല്‍കിയ പരാതിയിലാണു ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് ജാമ്യം കിട്ടാവുന്ന വകുപ്പുകളില്‍ അറസ്റ്റ് വാറന്റ് നല്‍കിയത്. വാദം സെപ്റ്റംബര്‍ 24 നു മാറ്റിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ശശി തരൂര്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിയുകയാണെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ട് 2 മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ തീരുമാനിക്കാത്തതിനാലാണ് തരൂര്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസ് നാഥില്ലാ കളരിയാണെന്നാണ് തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ഉന്നതപദവി വഹിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് തരൂര്‍ പറഞ്ഞു. ഗൗരവമേറിയ ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണ്. തലപ്പത്തു നേതാവില്ലാത്ത അവസ്ഥ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും പ്രതികൂലമായി ബാധിക്കുമെന്ന യാഥാര്‍ഥ്യം പ്രവര്‍ത്തകസമിതി തിരിച്ചറിയണം. പാഴാക്കാന്‍ ഇനി സമയമില്ല.
ഇടക്കാല പ്രസിഡന്റിനെ പ്രവര്‍ത്തക സമിതി എത്രയും വേഗം നിശ്ചയിക്കുകയാണു മുന്നോട്ടുള്ള ഒരു വഴി. പിന്നാലെ, സമിതി പിരിച്ചുവിടണം. ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും കണ്ടെത്തണം. തങ്ങളെ ആരെല്ലാം നയിക്കണമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ നേതാവാക്കാന്‍ നീക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha
























