മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ദുരിതം പറഞ്ഞ ആയിഷയ്ക്ക് വീടൊരുക്കാന്‍ ഒരുകൂട്ടം പെണ്‍കുട്ടികള്‍

പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും, ആകെയുള്ള വീടും 3 സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള്‍ മുതല്‍ വേവലോടെ ഓട്ടത്തിലാണ്. ദുരിതാശ്വാസ ക്യാംപ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍ ഒരുവഴിയും മുന്നിലില്ല.
മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. വാഹനത്തില്‍ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്തി മുഖ്യമന്ത്രി പറഞ്ഞു 'നമുക്കു ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്'.
ഇതു പറഞ്ഞശേഷം മുഖ്യമന്ത്രി നീങ്ങിയതോടെ പിന്നില്‍ കാത്തുനിന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ആയിഷയുടെയും മകള്‍ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, 'നഷ്ടമായ വീട് ഞങ്ങള്‍ പണിതുതരാം. അതും നിങ്ങള്‍ക്ക് എവിടെയാണോ വേണ്ടത് അവിടെ'. അമ്പരന്നുപോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികള്‍ കളി പറയുകയല്ലെന്ന് ബോധ്യമാകാന്‍ പിന്നെയും കുറെ നേരമെടുത്തു.
കോഴിക്കോട് അല്‍ഹംറ ഇന്റര്‍നാഷനല്‍ ഗേള്‍സ് ക്യാംപസിലെ 11 ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനികളാണവര്‍. നൂറിലേറെ അംഗങ്ങളുള്ള ഹായ് ഫൗണ്ടേഷനിലെ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍.
https://www.facebook.com/Malayalivartha
























