നോക്കുകുത്തിയായി മരട് നഗരസഭ: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിട സമുച്ചയങ്ങൾ പൊളിക്കുന്നത് പ്രായോഗികമല്ലെന്ന് മരട് നഗരസഭ സുപ്രീം കോടതിയെ അറിയിക്കും

മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിട സമുച്ചയങ്ങൾ പൊളിക്കുന്നത് പ്രായോഗികമല്ലെന്ന് മരട് നഗരസഭ സുപ്രീം കോടതിയെ അറിയിക്കും. തത്കാലം വിഷയത്തിൽ നിന്നും ഒളിച്ചോടാൻ ഇത് മാത്രമാണ് പരിഹാരമെന്ന് സർക്കാർ കരുതുന്നു.
മരട് സന്ദർശിച്ച വിദഗ്ദ്ധർ കെട്ടിടം പൊളിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ നഗരസഭയെ രേഖാമൂലം അറിയിച്ചു. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് എറണാകുളത്തെ ഏറ്റവും ജനത്തിരക്കേറിയ മേഖലയിലാണ്. നാലു വലിയ കെട്ടിടങ്ങൾ പൊളിക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിൽ ലഭ്യമല്ല. അതിനുള്ള വിദഗ്ദരെ കേരളത്തിൽ എത്തിച്ചാൽ തന്നെ വൻകിട കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം എറണാകുളം നഗരത്തിന് താങ്ങാനാവില്ല. ഫ്ലാറ്റ് സമുച്ചയത്തിന് സമീപം നിരവധി കെട്ടിടങ്ങളുണ്ട്. അംഗനവാടികളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിന് മുമ്പ് അയൽവാസികളെയെല്ലാം മാറ്റി പാർപ്പിക്കണം.
പ്രദേശത്തെ റോഡുകൾ ഇടുങ്ങിയതാണ്. റോഡുകൾ ഇടുങ്ങിയത് കാരണം അഗ്‌നിശമന വിഭാഗങ്ങൾക്ക് സ്ഥലത്തെത്താൻ പ്രയാസമാണ് . കെട്ടിടം പൊളിക്കുന്നതിന് മുമ്പ് പ്രദേശവാസികളെ ഒഴിപ്പിക്കണമെന്ന കാര്യം നഗരസഭ ഇതു വരെ കണക്കിലെടുത്തിട്ടില്ല. യഥാർത്ഥത്തിലുള്ള സ്ഫോടനം നടത്തുന്നതിന് മുമ്പ് ഒരു മാതൃകാ സ്ഫോടനം നടത്തണം. എങ്കിൽ മാത്രമേ കെട്ടിടം പൊളിക്കുന്നതിന്റെ ആഘാതത്തിന്റെ ആഴം മനസിലാക്കാൻ കഴിയുകയുള്ളു. ഇത്തരത്തിൽ മാത്രമേ അന്തരീക്ഷത്തിൽ വിലയം കൊള്ളുന്ന പൊടിയുടെ തോത് അളക്കാൻ കഴിയുകയുള്ളു. ഇന്നത്തെ സാഹചര്യത്തിൽ പൊടി പടലങ്ങൾ എത്ര ദൂരം സഞ്ചരിക്കുമെന്ന് കണ്ടെത്താൻ കഴിയുകയില്ല. കുണ്ടന്നൂർ, തേവര,നീട്ടൂർ പ്രദേശങ്ങൾക്ക് സമീപമാണ് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്നത്.
കെട്ടിടം പൊളിക്കുമ്പോൾ തെറിച്ചു വീഴുന്ന കോൺക്രീറ്റുകൾ തൊട്ടടുത്ത കെട്ടിടങ്ങളെ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തൊട്ടടുത്ത കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം നൽകാൻ കെട്ടിടം പൊളിക്കുന്ന കമ്പനി ബാധ്യസ്ഥമാണ്. മറ്റ് കെട്ടിടം ഉടമകൾ കേസിന് പോയാൽ അതിനുള്ള പരിഹാരം കമ്പനി നൽകേണ്ടി വരും. ഇതിന്റെ നിയമവശം ഇതുവരെയും മരട് നഗരസഭ പരിഗണിച്ചിട്ടില്ല. നഷ്ടപരിഹാരം നൽകാൻ കെട്ടിടം പൊളിക്കുന്ന കമ്പനി ഒരിക്കലും തയ്യാറാവുകയില്ല.
കെട്ടിടം സ്ഥിതി ചെയ്യുന്നത് കായലോരത്തിന് സമീപമാണ്. ബോട്ട് സർവീസ് നിലവിലുള്ള കായലോരമാണ് ഇത്. പൊളിക്കുന്നത് കരാർ എടുക്കുന്ന കമ്പനിക്ക് സ്ഫോടനത്തിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. പൊളിക്കുന്ന സമയത്ത് ഉണ്ടാവുന്ന പാരിസ്ഥിതിക വിഷയങ്ങൾ പഠിക്കാൻ വിദഗ്ദർ കമ്പനിയിൽ ഉണ്ടായിരിക്കണം. കെട്ടിടം പൊളിക്കുന്നത് പരാജയപ്പെട്ടാൽ അതുണ്ടാക്കുന്ന രുക്ഷത വിവരണാതീതമായിരിക്കും. കെട്ടിടം പൊളിക്കുന്നതിന് മുമ്പ് പോലീസിനെയും മറ്റ് സുരക്ഷാ ഏജൻസികളെയും സാധാരണ വിശ്വാസത്തിലെടുക്കാറുണ്ട്. എന്നാൽ മരടിൽ ഇത്തരം യോഗങ്ങളൊന്നും നടന്നിട്ടില്ലെന്ന് പോലീസ് പറയുന്നു.
അതു കൊണ്ടു തന്നെ ഒരിക്കലും കെട്ടിടം പൊളിക്കാൻ പദ്ധതിയില്ലെന്നാണ് നാം വിശ്വസിക്കേണ്ടത്. മരട് നഗരസഭക്ക് യാതൊരു ഇക്കാര്യത്തിൽ ഐഡിയയുമില്ല. രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ മരട് നിവാസികൾക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ നഗരസഭ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. അവർ സർക്കാരിന്റെ വാക്കുകൾക്ക് കാതോർക്കുകയാണ്. സർക്കാരാകട്ടെ നഗരസഭയിലൂടെ ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള കുറുക്കു വഴികൾ തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം .
https://www.facebook.com/Malayalivartha
























