പ്രസവിച്ച് 4-ാം നാള്‍ കാട്ടുപാതയിലൂടെ 2 കിലോമീറ്റര്‍ സിന്ധു നടന്നു!

മുണ്ടേരി വനത്തിനുള്ളിലെ തണ്ടന്‍കല്ല് കോളനിയില്‍ സിന്ധു പ്രസവത്തിനുള്ള ദിവസവും എണ്ണിക്കഴിയുന്നതിനിടയിലാണ് പ്രളയമുണ്ടായത്. കോളനിക്ക് അരികിലൂടെ ഒഴുകുന്ന പയ്യാനി പുഴ കരകവിഞ്ഞ് വീടുകള്‍ക്കുള്ളിലേക്ക് വെളളം ഇരച്ചെത്തിയപ്പോള്‍ ഏറെ ബുദ്ധിമുട്ടിയാണ് സന്ധുവിനെ രക്ഷപ്പെടുത്തിയത്. പുറംലോകവുമായി ബന്ധപ്പെടാന്‍ ആശ്രയിച്ചിരുന്ന റോഡ് പ്രളയത്തില്‍ തകര്‍ന്നതോടെ നിറവയറുമായി സിന്ധുവിനെ നടത്തി മുണ്ടേരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സിന്ധു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഒരു ദിവസം മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്യാംപില്‍ കഴിഞ്ഞു. ജനല്‍പാളികള്‍ പോലുമില്ലാത്ത കെട്ടിടത്തില്‍ കുഞ്ഞുമായി കഴിയാന്‍ പറ്റാതെ വന്നതോടെ് കോളനിയിലേക്കു തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 4 ദിവസം മാത്രമായ കുഞ്ഞുമായി സിന്ധുവും മാതാവ് ലീലയും ഭര്‍ത്താവ് ശശിയും 2 കിലോമീറ്റര്‍ കാട്ടുവഴി താണ്ടി ഇന്നലെ ഉച്ചയ്ക്കാണ് കോളനിയിലെത്തിയത്.
കൈക്കുഞ്ഞുമായി കോളനിയിലെ ജീവിതവും ദുരിതമാണ്. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമില്ല. ഇതിനു പുറമേ കാട്ടാന ഭീതിയുമുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാന്‍ കോളനിക്കു ചുറ്റും സ്ഥാപിച്ച മതില്‍ പ്രളയത്തില്‍ തകര്‍ന്നിരിക്കയാണ്.
https://www.facebook.com/Malayalivartha
























