അനന്തപുരിയെ ആവേശഭരിതമാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് തിരശീല വീഴും

തലസ്ഥാന നഗരിയിൽ ഗംഭീര ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് ഇന്ന് പരിസമാപ്തി. നൂറോളം കലാരൂപങ്ങളാണ് സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കുന്നത്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
രാജസ്ഥാന്‍, മണിപ്പൂര്‍, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പല കലാകാരന്മാരും കേരളീയ കലാരൂപങ്ങള്‍ക്കൊപ്പം തിരുവനന്തപുരം നഗരത്തില്‍ കലാവിരുന്നൊരുക്കാന്‍ എത്തുന്നുണ്ട്. ഇതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാന്‍ഡും ഘോഷയാത്രയെ വര്‍ണാഭമാക്കും. യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ സജ്ജമാക്കുന്ന പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി പ്രഹഌദ് സിംഗ് പട്ടേല്‍, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഘോഷയാത്ര വീക്ഷിക്കും.
വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ എട്ടോളം തെയ്യം കലാരൂപങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്യും.
ഓണം ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന വേദിയായ കനകക്കുന്നില്‍ നാര്‍ക്കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























