ഹോട്ടലില്‍ നിന്നും ബില്ല് കൊടുത്തിറങ്ങിയ പൊലീസുകാര്‍ 'സൗജന്യഭക്ഷണം' കഴിച്ചെന്ന് ധരിച്ച് എസ്‌ഐ പരസ്യമായി അപമാനിച്ചു, വിവാദം; അന്വേഷണം

പൊലീസുകാരെ പൊതുജനമധ്യത്തില്‍ എസ്‌ഐ അപമാനിച്ചതായി പരാതി. സംഭവം വിവാദമായപ്പോള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമവും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പാളയം യൂണിവേഴ്‌സിറ്റി ലൈബ്രറിക്കു സമീപമുള്ള ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച 10 പൊലീസുകാരേയാണ് എസ്സ്.ഐ അകാരണമായി ശകാരിച്ചത്. കോട്ടയത്തു നിന്ന് ഓണാഘോഷ ഡ്യൂട്ടിക്കെത്തിയ കെഎപി ബറ്റാലിയനില്‍പെട്ടവരായിരുന്നു ഇവര്‍.
കാര്യമായ വിശ്രമം ഇല്ലാതെയും ഓണത്തിന് നാട്ടില്‍ പോലും പോകാന്‍ കഴിയാതെയും ജോലി നോക്കുകയാണ് ക്യാംപുകളില്‍ നിന്നുള്ള പൊലീസുകാര്‍. രാത്രി ഒന്‍പതു മണിയോടെ ഡ്യൂട്ടി അവസാനിക്കുമെന്നാണ് പറയുന്നതെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. രാത്രി പത്തോടെ ആള്‍ത്തിരക്ക് കുറഞ്ഞതിനാല്‍ ഇവര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. അതിനു ശേഷം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഭക്ഷണത്തിന്റെ പണവും കൊടുത്ത് പുറത്തേക്കിറങ്ങുേമ്പാഴാണ് ഈ ഭാഗത്തെ ചുമതലയുണ്ടായിരുന്ന പൊലീസ് സ്റ്റേഷനിലെ ഒരു എസ്‌ഐ സ്ഥലത്തെത്തിയത്.
തുടര്‍ന്നു പൊലീസുകാര്‍ക്ക് കണ്ണുപൊട്ടുന്ന ശകാരമായിരുന്നു. നീയൊക്കെ ഹോട്ടലുകാരെ 'കുറ്റിവച്ച്' ഭക്ഷണം കഴിക്കുന്നുവോയെന്ന ചോദ്യമാണുണ്ടായത്. പണം കൊടുത്ത് തന്നെയാണു ഭക്ഷണം കഴിച്ചതെന്നു പറഞ്ഞ പൊലീസുകാര്‍, തെളിവിനായി ഹോട്ടല്‍ ബില്ലും കാണിച്ചു. അത് പരിശോധിച്ച് തൃപ്തിയടഞ്ഞാണ് എസ്‌ഐ പോയത്.
പൊലീസുകാരുടെ പരാതിയില്‍ അസി. കമ്മിഷണര്‍ നിജസ്ഥിതി മനസിലാക്കാന്‍ സിഐയെ ചുമതലപ്പെടുത്തി. പൊലീസുകാര്‍ സ്റ്റേഷനിലെത്തി തങ്ങളുടെ പരാതി മേലുദ്യോഗസ്ഥരോട് വിശദീകരിച്ചു. എന്നാല്‍ എസ്‌ഐയാണ് എതിര്‍സ്ഥാനത്തുള്ളതെന്നതിനാല്‍ വിഷയം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha
























