ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും അനുനയിപ്പിക്കാന്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്ത്

ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും അനുനയിപ്പിക്കാന്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്ത്. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ സുകുമാരന്‍ നായര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചെന്ന് എന്‍.എസ്.എസ് ഇന്നലെ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കുമ്മനം രാജശേഖരനാണ് എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി സംസാരിക്കുമെന്നും തെറ്റിദ്ധാരണകള്‍ നീക്കുമെന്നും കുമ്മനം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും യഥാര്‍ഥ അയ്യപ്പഭക്തര്‍ ഇത് തിരിച്ചറിയുമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിധിയില്‍ വിശ്വാസികളെ വഞ്ചിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന് എന്‍എസ്എസ് പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സമദൂരം മാറി ശരിദൂരം സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. തൊട്ട് പിന്നാലെ വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യമായി വോട്ട് തേടിയിറങ്ങിയിരുന്നു. അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 42 ശതമാനം നായര്‍ വോ്ട്ടാണ് മണ്ഡലത്തിലുള്ളത്.
ശബരിമല സുപ്രീംകോടതി വിധി വന്നപ്പോള്‍ പിന്തുണച്ച ബി.ജെ.പി പിന്നീട് എന്‍.എസ്.എസിന്റെ അടക്കം വികാരം മനസ്സിലാക്കി തീരുമാനം മാറ്റുകയായിരുന്നു. എന്‍എസ്.എസിന്റെ സുപ്രീംകോടതിയിലെ കേസുകളിലും മറ്റും സഹായിക്കുന്ന പി.എസ് ശ്രീധരന്‍പിള്ള നാമജപഘോഷയാത്രയ്ക്ക് എല്ലാപിന്തുണയും നല്‍കി. യുവതികളെ മലചവുട്ടിക്കാതിരിക്കാന്‍ ബി.ജെ.പി സമരം നടത്തി. അതിന്റെ ഭാഗമായി കെ.സുരേന്ദ്രന്‍ അടക്കം ജയിലിലായി. സുരേന്ദ്രന്റെയും ഹിന്ദുഐക്യവേദി പ്രസിഡന്റ് ശശികല ടീച്ചറുടെ അറസ്റ്റിലെ എന്‍.എസ്.എസ് പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ലെന്നും ആര്‍.എസ്.എസുകാര്‍ പോയി അടികൊണ്ടത് കൊണ്ടാണ് യുവതീപ്രവേശനം നടക്കാതെ പോയതെന്ന് എന്‍.എസ്.എസ് പ്രസിഡഡന്റ് നരേന്ദ്രനാഥന്‍ നായര്‍ വ്യക്തമാക്കി.
എന്നാല്‍ സമരത്തില്‍ കാണിച്ച ആവേശം ബി.ജെ.പി നിയമനിര്‍മാണത്തിലും മറ്റും കാണിക്കാത്തതിനെ തുടര്‍ന്നാണ് എന്‍.എസ്.എസ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എന്‍.എസ്.എസ് യാതൊരു പിന്തുണയും നല്‍കിയില്ല. യു.ഡി.എഫ് 19 സീറ്റുകളില്‍ ചരിത്രവിജയം നേടി. അന്ന് സമദൂരനിലപാടാണ് സ്വീകരിച്ചതെങ്കില്‍ ഇത്തവണ ശരിദൂരമാണെന്ന് പരസ്യമായി പറയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ സമുദായ നേതാക്കള്‍ ഇറങ്ങുകയും ചെയ്തതോടെ ബി.ജെ.പി പ്രതിരോധത്തിലായി. സി.പി.എം ആവുന്നത്ര എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ തങ്ങള്‍ക്കിപ്പോഴും പ്രതീക്ഷയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കുമ്മനത്തിന് അതിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha





















