സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റാണ് മഴയ്ക്ക് കാരണം.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ മണിക്കൂറില്‍ 130 മുതല്‍ 140 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 155 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്ക് ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തും ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളിലും പത്ത് വരെ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പെടുത്തിയിരിക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുറമേ ഒഡിഷയുടെ വടക്കന്‍ തീരങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമെന്നോണം പശ്ചിമബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ഈ വര്‍ഷം രൂപപ്പെടുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷമുണ്ടായ മറ്റ് ചുഴലിക്കാറ്റുകള്‍. ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുള്‍ബുള്‍ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ആറു മാസം മുമ്ബ് ഒഡീഷയില്‍ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
പാകിസ്ഥാാനാണ് പുതിയ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പെടുന്ന മേഖലയിലുള്ള എട്ട് രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള 64 പേരുകളടങ്ങിയ പട്ടികയില്‍ നിന്നാണ് ഈ മേഖലയില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തെരഞ്ഞെടുക്കുന്നത്.
https://www.facebook.com/Malayalivartha