കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

വളർത്തുമൃഗങ്ങളുടെ വാണിജ്യപരമായ ഇറക്കുമതിക്ക് കുവൈറ്റിൽ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ തെരുവുനായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ (പി.എ.എ.എഫ്.ആർ. – PAAAFR) ആനിമൽ ഹെൽത്ത് ആൻഡ് എപ്പിഡെമിക് കൺട്രോൾ സൂപ്പർവൈസർ ഡോ. അഹ്മദ് അൽ-ഹമദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നായ , പൂച്ച ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ വാണിജ്യപരമായ ഇറക്കുമതിക്കാണ് അതോറിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു വർഷം ഒരു നായയെ മാത്രമേ ഒരു പൗരന് ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ. ഇത് കർശനമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും, അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഈ നടപടി സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സമീപ വർഷങ്ങളിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനവ് ജനങ്ങൾക്ക് ഭീഷണിയാകുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന്, വിഷയം കൈകാര്യം ചെയ്യുന്നതിനായി പി.എ.എ.എഫ്.ആർ. അതിന്റെ ഫീൽഡ് പ്രവർത്തനങ്ങളും നിരീക്ഷണ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
മറ്റ് പ്രധാന നടപടികൾ:
സംയോജിത ഷെൽട്ടർ: തെരുവുനായ്ക്കൾക്കായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരു സംയോജിത അഭയകേന്ദ്രം (ഇന്റഗ്രേറ്റഡ് ഷെൽട്ടർ) സ്ഥാപിക്കാൻ പി.എ.എ.എഫ്.ആർ. പദ്ധതിയിടുന്നുണ്ട്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിൽ നിന്ന് അകലെയായിരിക്കും ഈ കേന്ദ്രം സ്ഥാപിക്കുക.
സൗകര്യങ്ങൾ: വെറ്ററിനറി പരിചരണം, വന്ധ്യംകരണം, ക്വാറന്റൈൻ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഈ ഷെൽട്ടറിൽ ഒരുക്കും.
വന്ധ്യംകരണ പദ്ധതി: തെരുവ് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വന്ധ്യംകരണ (സ്റ്റെറിലൈസേഷൻ) പദ്ധതികൾ അതോറിറ്റി നടപ്പാക്കുന്നുണ്ട്.
ദത്തെടുക്കൽ: ആരോഗ്യ പരിശോധനകൾക്ക് ശേഷം നിരവധി മൃഗങ്ങളെ ദത്തെടുക്കുന്നതിനായി നൽകുന്നുണ്ട്. ഇത് റെസിഡൻഷ്യൽ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കി ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഹോട്ട്‌ലൈൻ: തെരുവ് മൃഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അറിയിക്കുന്നതിനും വേഗത്തിൽ പ്രതികരിക്കുന്നതിനുമായി 56575070 എന്ന നമ്പറിൽ ഒരു ഡയറക്ട് ഫോൺ ലൈനും വാട്ട്‌സ്ആപ്പ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണ നിയമങ്ങളുടെ കരട് രൂപീകരിക്കുന്നതിനും മറ്റുമായി കുവൈത്ത് ലോയേഴ്സ് അസോസിയേഷൻ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.. തെരുവ് മൃഗങ്ങളുടെ വർദ്ധനവ് സംബന്ധിച്ച് താമസക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ PAAAFR ഫീൽഡ് ഓപ്പറേഷനുകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു
.
പിടികൂടുന്ന മൃഗങ്ങളിൽ ആരോഗ്യപരിശോധനകൾക്ക് ശേഷം ചിലവയെ വന്ധ്യംകരിച്ച് അനുയോജ്യമായ സാഹചര്യങ്ങളിലേക്ക് തിരികെ വിടുകയും, ആരോഗ്യത്തോടെയുള്ള മൃഗങ്ങളെ ദത്തെടുക്കാനുള്ള അവസരം. നൽകുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























