യുവാവ് പോലീസിനെ കബളിപ്പിച്ചു: കുമ്മനം രാജശേഖരന്റെ പിഎ-യെന്നു പറഞ്ഞ് തൃശൂരിലെ മുന്തിയ ഹോട്ടലില്‍ കഴിഞ്ഞത് മൂന്ന് ദിവസം
തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലില്‍ യുവാവ് പോലീസിന്റെ ചെലവില്‍ കഴിഞ്ഞത് മൂന്നു ദിവസം. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പിഎ ആണെന്നും സുരേഷ്ഗോപിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉടന്‍ അംഗമാകുമെന്നും പറഞ്ഞായിരുന്നു യുവാവ് പോലീസിനെ പറ്റിച്ചത്. ഇയാള്‍ നടത്തിയത് തട്ടിപ്പാണെന്ന് പോലീസ് തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ് മുറിപൂട്ടി യുവാവ് ആരുമറിയാതെ മുങ്ങിയ ശേഷം. ഇയാള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മുന്‍ യുവമോര്‍ച്ചാ നേതാവായ ഇയാള്‍ക്ക് നിലവില്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാള്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുമ്മനത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്നാണ് ഇയാള്‍ പോലീസിന് പരിചയപ്പെടുത്തിയത്. താന്‍ സുരേഷ് ഗോപി എം.പിയുടെ സ്റ്റാഫില്‍ ഉടന്‍ കയറുമെന്നും അവിണിശ്ശേരി പഞ്ചായത്ത് എം.പി ദത്തെടുത്തെന്നും പറഞ്ഞു.
വേറൊരു ജില്ലയിലെ പൊലീസ് മേലുദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിച്ച് ആയിരുന്നു പൊലീസ് യുവാവിന് സൗകര്യങ്ങളൊരുക്കിയത്. പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാന്‍ സൗകര്യം ഒരുക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. മുറിയില്‍ താമസിച്ച് യുവാവ് മൂന്നാം നാള് മുറിപൂട്ടി മുങ്ങുകയായിരുന്നു. അധികൃതര്‍ പൊലീസിനെ തന്നെ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് കള്ളം പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുമ്മനം രാജശേഖരന് അത്തരത്തിലൊരു പി.എ ഇല്ലെന്നായിരുന്നു പോലീസിന് കിട്ടിയ വിവരം. യുവാവ് കൊല്ലം മുന്‍ യുവമോര്‍ച്ച നോതവായിരുന്നെന്നും അറിഞ്ഞത്.
https://www.facebook.com/Malayalivartha