ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ആക്രമണം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ശബരിമലയിൽ ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് കമ്മിഷണർ ഓഫീസിന് മുന്നിലെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ആക്രമണമുണ്ടായ സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ കേസെടുത്തത്.
ബിന്ദു അമ്മിണിയെ ആക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത്തരമൊരു ക്രൂരമായ കൃത്യം ചെയ്തവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം കമ്മിഷണര്‍ ഓഫീസില്‍ എത്തിയിരുന്നു. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മിഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























