കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം

എൺപതുശതമാനം സി.പി.എം പ്രവർത്തകരും കരഞ്ഞുപോയ പകലായിരുന്നു ഇന്നലെ. പിണറായിക്കെതിരെ സർക്കാർ കേസെടുക്കുമെന്ന് അവർ ന്യായമായും പ്രതീക്ഷിച്ചു. പുറത്തുവന്ന വാർത്തകളും അതാണ് പറഞ്ഞത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി സതീശൻ സർക്കാർ പിണറായിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ അവർ നിരാശരായി.
മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണമാണ് നടക്കുകയെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി സർക്കാരിന് കത്തയച്ചത്. സാധാരണ നിലയിൽ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച കേസുകൾ വിജിലൻസാണ് അന്വേഷിക്കുക. എന്നാൽ ക്രൈംബ്രാഞ്ച് എസ്‌ഐടിയാകും പ്രാഥമിക അന്വേഷണം നടത്തുകയെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തിയശേഷം വിജിലൻസിലേക്ക് കൈമാറുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
സി പി എമ്മിനെതീരെ സിഎംആർഎൽ-എക്‌സാലോജിക് പണമിടപാട് ആരോപണങ്ങൾ രാഷ്ട്രീയമായി ഉന്നയിക്കുന്നുണ്ടെങ്കിലും അന്വേഷണ തലത്തിലേക്ക് കടക്കുന്നതിനോട് യുഡിഎഫിന് താത്പര്യമില്ല. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരും സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ താത്പര്യക്കുറവിന് പിന്നിൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് ആക്ഷേപം ഉന്നയിച്ച ഒട്ടുമിക്ക ആരോപണങ്ങളിലും യുഡിഎഫ് അധികാരത്തിലേറിയശേഷം എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലായ സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ഇഡിയുടെ കത്തിനെ തുടർന്നാണ് സർക്കാർ അന്വേഷിക്കാൻ തീരുമാനിച്ചത്.. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി,വി.കെ.ഇബ്രാഹികുഞ്ഞ് തുടങ്ങിയ നേതാക്കൾക്ക് സിഎംആർഎൽ പണം നൽകിയതായും ഇഡി ഡിജിപിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇഡിക്ക് മുന്നിൽ ഇവർക്ക് എതിരായ മൊഴിയോ മറ്റു റിപ്പോർട്ടുകളോ ഇല്ലാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. സർക്കാർ ഇത് അതേപടി സ്വീകരിക്കുകയും ചെയ്തു.
പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള അഴിമതി ആരോപണങ്ങൾ നിയമപരമായി തെളിയിക്കുക എന്നതിനേക്കാൾ വലിയ വെല്ലുവിളിയാകും യുഡിഎഫിന് കേസ് അവരിൽതന്നെ ഒതുക്കുക എന്നത്. സ്വന്തം നേതാക്കൾ പണം വാങ്ങിയതിൽ അന്വേഷണമില്ലാത്ത സാഹചര്യം വിശദീകരിക്കുക യുഡിഎഫിനും ബുദ്ധിമുട്ടാകും. പ്രത്യേക അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന തെളിവുകളും സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധവും വരുംദിനങ്ങളിൽ കേരള രാഷ്ട്രീയത്തെ കൂടുതൽ ചൂടേറ്റും.
സി.എം.ആർ.എൽ. -എക്സാലോജിക് കേസ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇരുതല മൂർച്ചയുള്ള ആയുധമാണ്. പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനൊപ്പം തന്നെ തിരിഞ്ഞ് കുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധാപൂർവ്വവും ആലോചിച്ചുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നീക്കങ്ങൾ. അന്വേഷണം ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നൽകുന്ന കത്ത് അവഗണിക്കാൻ കഴിയാത്തതുകൊണ്ടാണ് സർക്കാരിന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയും ചെയ്തു.
വിജിലൻസ് അന്വേഷണത്തിന് പകരം ക്രൈംബ്രാഞ്ച് അന്വേഷണം തിരഞ്ഞെടുത്തതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ കണക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാൽ അഴിമതി നിരോധന നിയമപ്രകാരം പെട്ടെന്ന് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടി വരുമായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം ആകുമ്പോൾ കേസിന്റെ വേഗതയും ദിശയും നിയന്ത്രിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം നേരിടുന്നുവെന്ന രാഷ്ട്രീയ ചർച്ച കുറച്ച് കാലമെങ്കിലും നിലനിർത്താനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിന് ഒപ്പംനിൽക്കുന്നുവെന്ന പ്രചാരണത്തിനും 'പ്രാഥമിക അന്വേഷണ' പ്രഖ്യാപനത്തിലൂടെ തടയിടാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഹവാല ഇടപാട് നടന്നുവെന്ന ഇഡി കണ്ടെത്തലാണ് യുഡിഎഫിന് മുന്നിലുള്ള മറ്റൊരു ആയുധം. അഴിമതി ആരോപണത്തിൽ അന്വേഷണം മന്ദഗതിയിലാക്കിയാലും ഹവാല ഇടപാട് ഇഡിയിലേക്ക് തന്നെ തിരിച്ചുവിടാമെന്നും സർക്കാർ കണക്കാക്കുന്നു.
ഇഡി നിർദേശത്തിൽ യുഡിഎഫ് സർക്കാർ പിണറായിക്കെതിരെ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നുവെന്നാണ് ഡിജിപിക്ക് കത്ത് ലഭിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.'മോദി സർക്കാരിന്റെ സിപിഎം വേട്ടയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുന്നു' പ്രാഥമിക അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും പ്രതികരിച്ചു. സന്ദേശം വ്യക്തം, ബിജെപി-കോൺഗ്രസ് ഡീൽ ആരോപണവും ഉയർന്നു കഴിഞ്ഞു. ഈ ലൈനിൽതന്നെ പ്രചാരണം നടത്താനാണ് സിപിഎം നീക്കം. സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കേന്ദ്ര സർക്കാർ വേട്ടയ്‌ക്കൊപ്പം യുഡിഎഫ് നിൽക്കുന്നുവെന്ന പ്രചാരണം കൂടുതൽ ശക്തമാക്കിയുള്ള പ്രതിഷേധങ്ങളും സിപിഎം നടത്തും.കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ ഇ.ഡിയുടെ ശുപാർശയിൽ അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചായിരുന്നു പ്രതികരണം. മോദിയും വി.ഡിയും ഇ.ഡിയുമെല്ലാം ചേർന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഇ.ഡി നിർദേശ പ്രകാരം കേസ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾക്കെതിരെ നിലപാട് സ്വീകരിക്കുകയാണ്. കേരളത്തിലെ യുഡിഎഫ് സർക്കാർ അതിനെ പിന്തുണയ്ക്കുകയാണ്.
കോലീബീ സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് യുഡിഎഫ് അധികാരത്തിൽ എത്തിയതിന് ശേഷവും തീവ്രമായി തുടരുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. സിഎംആർഎൽ കേസ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്നു പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ഇ.ഡി ഉണ്ടാക്കിയ മൊഴിയെല്ലാം പിൻവലിക്കപ്പെട്ടു. എന്നിട്ടും ആ മൊഴിയിന്മേൽ കേസെടുക്കുകയെന്ന കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇപ്പോൾ നടക്കുന്നത്.
കമ്പനിക്ക് അധികം ചെലവുണ്ടാക്കിയെന്ന് പറഞ്ഞാണ് ഇ.ഡി രംഗത്തുവന്നത്. കമ്പനിയിൽനിന്നു പണം വാങ്ങിയെന്ന് യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ സമ്മതിച്ചിട്ടുള്ളതാണ്. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ച ഇവർ തിരഞ്ഞെടുപ്പ് കണക്കുകളിൽ ഇത് എങ്ങനെ ഉൾപ്പെടുത്തിയെന്ന് വ്യക്തമാക്കണം. യഥാർഥ കുറ്റവാളികളെ സംബന്ധിച്ച് അന്വേഷിക്കാതെ രാഷ്ട്രീയമായ ഉന്നംവച്ച് പിണറായിയെയും റിയാസിനെയും ലക്ഷ്യം വയ്ക്കുകയാണ്. അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിച്ചുള്ള ബാക്കി എല്ലാ നേതാക്കൾക്കും പിണറായിയും വീണയും റിയാസും പടുകുഴിയിൽ വീഴണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളത് . പിണറായിക്കെതിരെ എഫ്ഐആർ ഇട്ടാൽ അദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടി വരും. സ്വമേധയാ അദ്ദേഹം രാജിവെച്ചില്ലെങ്കിലും വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും രാജി നിർബന്ധിതമായി തീരുകയും ചെയ്യും. ഇക്കഴിഞ്ഞ വിശാല സംസ്ഥാന സമിതിയിൽ പ്രവർത്തകരും നേതാക്കളും പിണറായിയെ വെറുതെ വിടാനുള്ള കാരണവും ഇതുതന്നെയാണ് . ഇ ഡി യുടെ കത്തിന്മേൽ സതീശൻ സർക്കാർ എന്ത് തീരുമാനം എടുക്കും എന്നാണ് പ്രവർത്തകർ ഉറ്റുനോക്കിയിരുന്നത് പിണറായിയുടെ പടിയിറക്കത്തോടെ പാർട്ടിയുടെ നഷ്ടപ്പെട്ട ഗാംഭീര്യം തിരിച്ചുപിടിക്കാം എന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേക്ക് തിരികെ എത്താമെന്നും സിപിഎം പ്രവർത്തകർ മോഹിച്ചു. ബാലഗോപാൽ പ്രതിപക്ഷ നേതാവും പി ജയരാജൻ പാർട്ടി സെക്രട്ടറിയുമാകുന്ന ഒരു നല്ല കാലം അവർ സ്വപ്നം കണ്ടു. സിപിഎമ്മിനെ പഴയ ആർജ്ജവത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും എന്ന ഉത്തമ വിശ്വാസമാണ് സിപിഎം പ്രവർത്തകർക്ക് ഉണ്ടായിരുന്നത്. എന്നാൽ സതീശൻ സർക്കാർ ഇതിന്റെ എല്ലാം കൊമ്പൊടിച്ചു. അത് രമേശ് ചെന്നിത്തലക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും വേണ്ടിയാണെന്ന് പ്രവർത്തകർ മനസ്സിലാക്കുന്നു. ചൊവ്വാഴ്ച പകലെരിഞ്ഞതോടെ സിപിഎമ്മിൽ ഒരു ഉദയം സംഭവിക്കുമെന്ന എല്ലാ പ്രതീക്ഷയും പ്രവർത്തകർക്ക് ഇല്ലാതായി. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന് പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം അന്വേഷണം അനിശ്ചിതമായി നീട്ടുന്നതിൽ തെറ്റില്ല എന്നാണ് . ഈ അന്വേഷണം കഴിഞ്ഞാൽ എസ് ഐ ടി അന്വേഷണം വരും. അതുകഴിഞ്ഞാൽ വിജിലൻസ് അന്വേഷണം വരും. അങ്ങനെ അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോകും, അപ്പോൾ അടുത്ത തെരഞ്ഞെടുപ്പ് വരും ഇക്കാര്യം സിപിഎം പ്രവർത്തകർ മനസ്സിലാക്കിയിരിക്കുന്നു.
പിണറായിക്കെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തര വകുപ്പിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇഡി നിർദ്ദേശം വന്നപ്പോൾ തന്നെ മന്ത്രി രമേശ് ചെന്നിത്തല അതിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിയമോപദേശം പഴുതടച്ചതാകണം എന്നതായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നടപടികളിലേക്ക് പ്രവേശിക്കുന്നത്. എജിയുടെ റിപ്പോർട്ട് വന്നതോടെ ചെന്നിത്തലയും മുഖ്യമന്ത്രിക്ക് ഒപ്പം നിന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദചിത്തരായി. ഇതിൽ ഒരു അലംഭാവവും പാടില്ലെന്ന് കോൺഗ്രസ് കരുതുന്നു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കർശന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ സ്റ്റാന്റും ഇതുതന്നെയാണ്. മാത്യുവിന്റെ നിലപാടിനും സമീപനത്തിനും ഒപ്പം നിൽക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. അതേസമയം കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പിണറായിക്കെതിരെ തൽക്കാലം നടപടി വേണ്ട എന്ന് അഭിപ്രായമാണുള്ളത് . ഇത്തരം ഒരു സമീപനം സ്വീകരിച്ചാൽ അത് കേരളത്തെ ബിജെപിക്ക് താലത്തിൽ വച്ചു കൊടുക്കുന്ന സ്ഥിതി വിശേഷം വന്നുചേരുമെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. പിണറായിയെപ്പോലെ വയോധികനായ ഒരു നേതാവിനെ ഉപദ്രവിക്കാനുള്ള മനസ്സ് ആഭ്യന്തര മന്ത്രിക്ക് ഇല്ല. എന്നാൽ പിണറായിയുടെ ഭരണകാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ റോഡിൽ കിടന്ന് അടികൊണ്ട നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരുടെ ആഗ്രഹം പിണറായിയെ ജയിലിൽ അടയ്ക്കുക എന്നതാണ്. അവർക്കൊപ്പമാണ് കുഴൽനാടൻ ഉൾപ്പെടെയുള്ള യുവ നേതാക്കൾ നിലകൊള്ളുന്നത്, സംസ്ഥാന സർക്കാർ പിണറായിയെ സഹായിക്കാൻ ഒരുമ്പിട്ടാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ബിജെപി നേതാവ് ഷോൺ ജോർജുമായി ചേർന്ന് പിണറായിക്കെതിരെ കരുക്കൾ നീക്കും എന്ന ശ്രുതി ഇതിനകം പരന്നിട്ടുണ്ട്. ഈ ഭയം സതീശനും ചെന്നിത്തലക്കുമുണ്ട്. താൻ പിണറായിയെ വെറുതെ വിടില്ലെന്ന മറുപടിയാണ് കുഴൽനാടൻ നൽകിയത്. പിണറായിക്കെതിരെ താൻ എടുത്ത കർശന നിലപാട് കാരണമാണ് തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്ന് കുഴൽനാടന് അറിയാം. അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന നേതാക്കൾക്കും അറിയാം. അതിനാൽ കുഴൽനാടനെ പിണക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. മാത്രവുമല്ല അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാരിൻറെ ഇമേജ് പൂർണ്ണമായും നശിപ്പിക്കും. കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കാൻ സതീശൻ തയ്യാറല്ല.
25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിൽ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇതിന് മകളുടെ കമ്പനി ഉപയോഗപ്പെടുത്തി തുടങ്ങിയ ഗുരുതരാരോപണങ്ങൾ ആണ് സംസ്ഥാന പോലീസ് മേധാവിക്ക് എ ജി അയച്ച കത്തിനുള്ളത് . ആരോപണത്തിൽ പിണറായിയുടെ കൂടെയുള്ളത് മകൾ വീണ മാത്രമല്ല, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ മരുമകൻ മുഹമ്മദ് റിയാസ് കൂടിയാണ്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. നിഖിൽ അടക്കമുള്ള ഒമ്പതുപേർ വേറേയുമുണ്ട്. നൽകാത്ത സേവനത്തിന് സി.എം.ആർ.എൽ-ൽ നിന്ന് വീണ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ പുറത്തുവന്ന ഉടനെ അതിനെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധിച്ചിരുന്നു. വീണയ്ക്കുവേണ്ടി എന്തിന് പാർട്ടി ഇറങ്ങണമെന്നതായിരുന്നു ഈ ഘട്ടത്തിൽ ഉയർന്ന ചോദ്യം. വീണയുടെ കേസ് വീണ നേരിടുമെന്ന വാദം മുന്നോട്ടുവെച്ച് വലിയ പ്രതിരോധം തീർക്കാതെ സി.പി.എം. പിന്നീട് പിന്നാക്കം നിന്നു. ഇപ്പോൾ ശരിക്കും കേസ് സി.പി.എം. നേതാക്കൾക്കെതിരേയായി മാറിക്കഴിഞ്ഞു. അത്, അഴിമതിപ്പണം കൈപ്പറ്റുകയും അത് മറ്റു വ്യക്തികളിലൂടെ വിദേശത്തേക്ക് കടത്തി എന്നതടക്കമുള്ള ആരോപണവുമാണ്. അഴിമതിപ്പണമാണെങ്കിൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ സി.എം.ആർ.എൽ-ന് എന്ത് പ്രത്യുപകാരം നൽകിയെന്ന് സി.പി.എമ്മിന് തിരിച്ചുചോദിക്കാം. അതിന് ഇ.ഡി.യും വ്യക്തത നൽകിയിട്ടില്ല. അതുമാത്രമാണ് ഇപ്പോൾ സി.പി.എമ്മിനുള്ള പിടിവള്ളിയും. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേരിൽ കേസെടുക്കാൻ ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ കത്ത് മേശപ്പുറത്തുള്ളപ്പോൾ സംസ്ഥാനസർക്കാരിന്റെ മുന്നിലുള്ളത് രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നങ്ങളാണ്.
സത്യത്തിൽ സർക്കാരിന്റെ തീരുമാനം പിണറായിക്കും ഗോവിന്ദനും ശ്വാസവായുമായി മാറിയിരിക്കുകയാണ് . എഫ്ഐആർ ഇടും എന്ന് തന്നെയാണ് അവർ പ്രതീക്ഷിച്ചത് .എന്നാൽ തികച്ചും അപ്രതീക്ഷിതമായി സതീശൻ സർക്കാരിൻറെ സഹായവും അനുഗ്രഹവും പിണറായിക്കും കുടുംബത്തിനും മേൽചൊരിഞ്ഞിരിക്കുന്നു. പിണറായി ശക്തമായ നിലയിൽ പ്രതിരോധത്തിൽ ആയിട്ടും സിപിഎം പ്രവർത്തകരോ നേതാക്കളോ അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ല. ഇനി തയ്യാറാവുകയുമില്ല. പിണറായി പാർട്ടിക്കുള്ളിൽ അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുന്നു . അദ്ദേഹത്തിൻറെ ഒരു വാക്കും വിശ്വസിക്കാൻ സിപിഎം പ്രവർത്തകർ തയ്യാറായിട്ടില്ല. അവർക്ക് തങ്ങളുടെ പാർട്ടിയെ പടുകുഴിയിലാക്കിയ നേതാവ് എന്ന ബഹുമതിപട്ടമാണ് പിണറായിക്ക് നൽകാൻ ഉള്ളത്. പാർട്ടി തോറ്റമ്പിയപ്പോൾ പ്രതിപക്ഷനേതാവ് സ്ഥാനത്തു നിന്നും മാറി നിൽക്കാനുള്ള മാന്യത പോലും പിണറായി കാണിച്ചില്ല. തകർച്ചയിലേക്ക് വീണുപോയ പാർട്ടിയെ ഒരു കാരണവശാലും ഉയർത്തെഴുന്നേൽപ്പിക്കേണ്ടെന്ന നിലപാടാണ് പിണറായിക്കുള്ളതെന്ന് അവർ വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞു. അത് തന്നെയാണ് സാധാരണ പാർട്ടി പ്രവർത്തകരുടെ സങ്കടത്തിനുള്ള മൂല കാരണം. അവർ ഇന്നലെ കരഞ്ഞതും അതുകൊണ്ടുതന്നെയാണ്.
https://www.facebook.com/Malayalivartha

























