ശബരിമല യുവതീപ്രവേശനത്തിലും വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലും എന്‍.എസ്.എസിനെതിരെ ശക്തമായി ഉറഞ്ഞുതുള്ളിയ സി.പി.എം ആ വാളൂരി ഉറയിലിടുന്നു...

ശബരിമല യുവതീപ്രവേശനത്തിലും വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലും എന്‍.എസ്.എസിനെതിരെ ശക്തമായി ഉറഞ്ഞുതുള്ളിയ സി.പി.എം ആ വാളൂരി ഉറയിലിടുന്നു... യുവതീപ്രവേശനം നടത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ ഒരു സീറ്റിലേക്ക് മാത്രം എല്‍.ഡി.എഫ് ചുരുണ്ട്കൂടിയതോടെയാണ് സി.പി.എമ്മിന് ബോധോദയം ഉണ്ടായത്. തുടര്‍ന്ന് എങ്ങനെയും എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സി.പി.എം ഗത്യന്തരമില്ലാതെ, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ജാതിപറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പാര്‍ട്ടി തന്നെ സമ്മതിച്ചിരിക്കുകയാണ്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെസി വിക്രമനാണ് തെളിവുകളില്ലെന്ന് പൊലീസിന് മൊഴി നല്‍കിയത്. അതോടെ കേസ് നിലനില്‍ക്കില്ലെന്ന് ഡി.ജി.പി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സി.പി.എം നിയന്ത്രിക്കുന്ന സര്‍ക്കാരിലെ ഡി.ജി.പി ഇങ്ങിനെ റിപ്പോര്‍ട്ട് നല്‍കിയതില്‍ വലിയ അത്ഭുതമില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസിന്റെ വിലപേശല്‍ തന്ത്രം ജനംതള്ളിയതോടെയാണ് സംയമനം പാലിക്കാന്‍ സി.പി.എം തീരുമാനിച്ചത്. സമദൂരം വെടിഞ്ഞ് ശരിദൂരത്തിലേക്ക് എന്‍.എസ്.എസ് നീങ്ങുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ യു.ഡി.എഫിന്റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് അവര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത കുറവാണെന്നാണ് സി.പി.എം വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ന്യൂനക്ഷങ്ങള്‍ക്കിടയിലും ചില ഹിന്ദു സമുദായങ്ങള്‍ക്കിടയിലും വലിയ സ്വാധീനമില്ല. അതിനാല്‍ അടുത്ത തവണ അധികാരത്തില്‍ വീണ്ടും എത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സമുദായങ്ങളെ പിണക്കണ്ടെന്നാണ് സി.പി.എം നിലപാട്.
യുവതീപ്രവേശന വിധി നിലനില്‍ക്കുമ്പോഴും ഇത്തവണത്തെ മണ്ഡലകാലത്ത് സര്‍ക്കാര്‍ സംരക്ഷണയില്‍ യുവതികളെ കയറ്റേണ്ടെന്ന് സര്‍ക്കാരും സി.പി.എമ്മും തീരുമാനിച്ചത് വെറുതെയല്ല. അകന്ന് കഴിയുന്ന എന്‍.എസ്.എസുമായി എങ്ങനെയും ഒരു പാലമിടണം, അതു തന്നെ ലക്ഷ്യം. ശബരിമലക്ഷേത്രത്തിനായി പ്രത്യേകം നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അതിനെതിരെ രംഗത്ത് വരുകയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അതിന് പിന്തുണ നല്‍കുകയും ചെയ്തതോടെ മഞ്ഞുരുകുന്നെന്നാണ് സി.പി.എം മനസ്സിലാക്കുന്നത്. ദേവസ്വം നിയമനങ്ങളില്‍ 10 ശതമാനം മുന്നോക്ക സംവരണം നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ആ സ്ഥിതിക്ക് പരാതിയുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 40 ശതമാനത്തിലധികം എന്‍.എസ്.എസ് വോട്ടുകളാണുള്ളത്. അതില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരാണ് കൂടുതലും. അതിനാല്‍ പ്രാദേശിക ഘടകങ്ങളുമായി ആലോചിച്ച് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരം കൂടി കണക്കിലെടുത്താണ് പരാതി പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് അറിയുന്നു. സമസ്ത കേരള നായര്‍ സമാജവും സി.പി.എമ്മിനൊപ്പം എന്‍.എസ്.എസിനെതിരെ പരാതി നല്‍കിയിരുന്നു. അവരും തെളിവുകള്‍ ഹാജരാക്കിയില്ല. എന്നാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമായിരിക്കും അന്തിമതീരുമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























