വിനോദയാത്രയ്ക്ക് പോകാന്‍ സ്‌കൂള്‍ വളപ്പില്‍ എത്തിയ ബസുമായി ഡ്രൈവറുടെ സാഹസം; പണികൊടുക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

വിദ്യാര്‍ത്ഥികള്‍ക്ക് ടൂര്‍ പോകാനായി സ്‌കൂള്‍ വളപ്പില്‍ എത്തിയ ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ അപകടകരമായി ഓടിച്ച് ഡ്രൈവറുടെ സാഹസപ്രകടനം. സംഭവം വിവാദമായതിന് പിന്നാലെ കേസ് എടുത്തതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് സംഭവം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തിച്ച ടൂറിസ്റ്റ് ബസാണ് അമിത വേഗത്തില്‍ സ്‌കൂള്‍ മൈതാനത്തുകൂടി ഓടിച്ചത്.
നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും കണ്ടുനില്‍ക്കെയായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ സ്‌കൂള്‍ മൈതാനത്ത് നടത്തിയ അഭ്യാസ പ്രകടനത്തെ അധ്യാപകര്‍ അടക്കം ആരും എതിര്‍ത്തില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്.
ബസ് കസ്റ്റഡിയില്‍ എടുക്കാനും വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ആരാണ് വാഹനങ്ങള്‍ ഓടിച്ചതെന്ന് കണ്ടെത്തും. ഇതിനായി സ്‌കൂള്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിനോദ യാത്രയ്ക്ക് പോയ കുട്ടികള്‍ ഇന്ന് രാത്രി തിരിച്ചെത്തിയ ശേഷമാകും മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ സ്വീകരിക്കുക.
അതേ സമയം വിദ്യാര്‍ത്ഥികള്‍ ആരും വാഹനങ്ങള്‍ ഓടിച്ചിട്ടില്ലെന്നും പുറത്തു നിന്നെത്തിയവര്‍ ആണ് വാഹനങ്ങള്‍ ഓടിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























