വിവാദച്ചുഴിയില്‍ യുവനടന്‍ ഷെയിന്‍ നിഗം ഉലയുമ്പോള്‍ അദ്ദേഹത്തിന്റെ പുതിയചിത്രങ്ങളുടെ നിര്‍മാതാക്കള്‍ തമ്മില്‍ തല്ലിയതായി റിപ്പോര്‍ട്ട്

വിവാദച്ചുഴിയില്‍ യുവനടന്‍ ഷെയിന്‍ നിഗം ഉലയുമ്പോള്‍ അദ്ദേഹത്തിന്റെ പുതിയചിത്രങ്ങളുടെ നിര്‍മാതാക്കള്‍ തമ്മില്‍ തല്ലിയതായി റിപ്പോര്‍ട്ട്. ഈമാസം 27ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വെയിലിന്റെ നിര്‍മാതാവ് ജോബി ജോര്‍ജും കുര്‍ബാനിയുടെ പ്രൊഡ്യൂസര്‍ സുബൈറും ഏറ്റുമുട്ടിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പറയുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുബൈര്‍ ജോബി ജോര്‍ജിനെ തല്ലിയെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് ജോബി ജോര്‍ഡ് പൊലീസില്‍ പരാതി നല്‍കി. താമസിക്കാതെ സുബൈറിനെ വിളിച്ച് മൊഴി രേഖപ്പെടുത്തുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെയിന്‍ മുടി വെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ജോബിയും സുബൈറും തമ്മില്‍ വാക്ക്‌പോര് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സംഘട്ടനം നടന്നതെന്നറിയുന്നു. കുര്‍ബാനിയില്‍ അഭിനയിക്കാനാണ് ഷെയിന്‍ നിഗം മുടി വെട്ടിയതെന്നും വെയില്‍ മുടങ്ങി പോയത് അതുകൊണ്ടാണെന്നും ആരോപിച്ച് ജോബി ജോര്‍ജ്ജാണ് ആദ്യം മഹാ സുബൈറിനോട് മോശമായ ഭാഷയില്‍ സംസാരിച്ചത്. അതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തുടര്‍ന്ന് സംഘടനാ നേതാക്കള്‍ ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് കളി കൈവിട്ട് പോയതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. അതേസമയം വെയിലിന്റെ സംവിധായകന്‍ ശരതിനെതിരെ ഉല്ലാസം സിനിമയുടെ പ്രൊഡക്ഷനില്‍ ജോലിചെയ്യുന്നയാള്‍ രംഗത്തെത്തി. ഉല്ലാസത്തിന്റെ ലൊക്കേഷനില്‍ നിന്ന് ഒരു ദിവസത്തേക്കെന്ന് പറഞ്ഞാണ് ശരത് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ അവിടെ വെച്ച് മുടിമുറിച്ച് ഗെറ്റപ്പ് മാറ്റിയതെന്നും ആരോപിക്കുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു വെയിലിന്റെ ചിത്രീകരണം. ആ ദിവസം ഷൂട്ട് നടന്നില്ലെങ്കില്‍ പിന്നീട് ഒരുവര്‍ഷം കാത്തിരിക്കണമെന്ന് ശരത് കാലുപിടിച്ച് അപേക്ഷിച്ചത് കൊണ്ടാണ് ഉല്ലാസത്തിന്റെ നിര്‍മാതാക്കള്‍ ഒരുദിവസത്തേക്ക് അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. അങ്ങനെ ഷെയിനിനെ അനുകൂലിച്ചും പ്രതികൂലിച്ചും മലയാളസിനിമാ മേഖലയില്‍ വലിയ ചേരിതിരിവ് ഉണ്ടായിരിക്കുകയാണ്. പുതിയ നിര്‍മാതാക്കള്‍ വരുന്നതും താരങ്ങള്‍ സിനിമകള്‍ നിര്‍മിക്കുന്നതും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തലപ്പത്തുള്ള ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുതിയ നിര്‍മാതാക്കളെ നിരുത്സാഹപ്പെടുത്തി മടക്കി അയയ്ക്കുന്നത് ഇവരുടെ പതിവാണെന്നും ആക്ഷേപമുണ്ട്. കിസ്മത്ത് എന്ന സിനിമയുടെ സംവിധായകന്‍ ഷാനവാസ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഷെയിന്‍ വിവാദത്തിന്റെ മറവില്‍ സിനിമാക്കാരെല്ലാം ലഹരിക്ക് അടിമകളാണെന്ന നിര്‍മാതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് അമ്മ, ഫെഫ്ക സംഘടനാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. കഞ്ചാവടിച്ച് നടക്കുന്നവരെന്ന് ആക്ഷേപിക്കുന്നവരെ വെച്ച് സിനിമയെടുത്തും അവരുടെ മുഖം പോസ്റ്ററില്‍ ഒട്ടിച്ചും ജനത്തെ തിയേറ്ററില്‍ കയറ്റുന്നവരാണ് അവരെ ആക്ഷേപിച്ചിരിക്കുന്നത്. അത് മോശമാണെന്നും ഉള്ള അഭിപ്രായം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം പ്രമുഖ നിര്‍മാതാക്കളുമായി സഹകരിക്കേണ്ടെന്ന് പല യുവനടന്‍മാരും ഇതിനകം തീരുമാനം എടുത്തിട്ടുണ്ട്. യുവ സംവിധായകരുടെയും തീരുമാനം അതാണെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























