അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു.
ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായും പ്രവത്തിച്ചിട്ടുണ്ട്.'കേരള പ്രഭാ' പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് സര്‍ഗ്ഗാത്മകതയുടെ വിശാലമായ ആകാശത്തേക്ക് അദ്ദേഹം ചിറകുവിരിച്ചത്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോര്‍ത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയത്രെ അദ്ദേഹം പിന്നീട് കേരളത്തിന്റെ കലാ-സാംസ്‌കാരിക മണ്ഡലത്തിലും പുലര്‍ത്തിയത്. മലയാള നാടകവേദിയില്‍ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം.
അതേസമയം കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. 'സൂര്യ' സാംസ്‌കാരിക കൂട്ടായ്മയുടെ അമരക്കാരന്‍. ശാസ്ത്രത്തിന്റെയും കലയുടെയും അപൂര്‍വ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറയുകയും ചെയ്തു. പകരക്കാരില്ലാത്ത ആ സാംസ്‌കാരിക ശില്പിയുടെ വേര്‍പാട് കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതുല്യനായ കലാസംഘാടകനെയാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായിരിക്കുന്നത്. വിശ്വപ്രസിദ്ധ കലാപ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് വേദിയൊരുക്കുകയും അവരുടെ കലാവതരണങ്ങളെ കേരളത്തിനു പരിചയപ്പെടുത്തുകയും ചെയ്ത സൂര്യ കൃഷ്ണമൂര്‍ത്തി സൂര്യ ഫെസ്റ്റിവലിലൂടെ കേരളത്തിന്റെ കലാസാംസ്‌കാരിക ബോധത്തെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കി.
വ്യക്തിപരമായി അദ്ദേഹത്തോട് ഏറെ അടുപ്പമുണ്ടായിരുന്നു. പിണറായിപ്പെരുമയുടെ സംഘാടനത്തിലും അതിന്റെ വിജയകരമായ നിര്‍വ്വഹണത്തിലുമെല്ലാം നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായ കാലത്ത് കലയ്ക്കും നാടകത്തിനും അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്റെ കലാസാംസ്‌കാരിക ഭൂമികയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനുമായി ദശാബ്ദങ്ങള്‍ നീണ്ട സുഹൃദ്ബന്ധം ആണ് ഉണ്ടായിരുന്നത്. പലപ്പോഴും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തോട് അടുത്ത് ഇടപഴകാന്‍ സാധിച്ചിട്ടുണ്ട്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. നമ്മുടെ സാംസ്‌കാരിക രംഗത്ത് സൂര്യനെ പോലെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നാടകകൃത്തും സംവിധായകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനും അരങ്ങിന്റെ അതുല്യ ശില്‍പിയുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് തീരാനഷ്ടമാണെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. കലയെ ജീവിതസപര്യയാക്കി മാറ്റിയ അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. പാരമ്പര്യത്തിന്റെ മിഴിവ് ചോരാതെ ശബ്ദവും വെളിച്ചവും ദൃശ്യവും സംഗീതവും സമന്വയിപ്പിച്ച് അരങ്ങിനെ വേറിട്ടൊരു കലാനുഭവമാക്കി മാറ്റുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ സര്‍ഗാത്മകത മലയാള നാടകവേദിയില്‍ തന്റേതായൊരു ഇടം സൃഷ്ടിച്ചു. രചനയും സംവിധാനവും നിര്‍വഹിച്ച 'മേല്‍വിലാസം' ഉള്‍പ്പെടെയുള്ള നാടകങ്ങളും ശ്രദ്ധേയമായ നിരവധി രംഗാവതരണങ്ങളും അദ്ദേഹത്തിന്റെ കലാപ്രതിഭയുടെ അടയാളങ്ങളായി നിലനില്‍ക്കും.
സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയിലൂടെയും സൂര്യ ഫെസ്റ്റിവലിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അദ്ദേഹം സൃഷ്ടിച്ച ചലനം പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. നാടകം, നൃത്തം, സംഗീതം, സിനിമ തുടങ്ങി വിവിധ കലാരൂപങ്ങളെ ഒരുമിച്ച് അണിനിരത്തിയ സൂര്യ ഫെസ്റ്റിവല്‍ കേരളത്തിന്റെ കലാപാരമ്പര്യത്തെ രാജ്യത്തിനകത്തും പുറത്തും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം കലാകാരന്മാരുടെ പ്രശ്‌നങ്ങളെ അടുത്തറിഞ്ഞ് ഇടപെട്ട വ്യക്തിയായിരുന്നു. കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി; കലാകാരന്മാര്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം മൃതദേഹം തൈക്കാട്ടെ വീട്ടിലെത്തിക്കും. ഇന്ന് രാവിലെ 7 മുതൽ വീട്ടിൽ പൊതുദർശനം. വൈകുന്നേരം ശാന്തി കവാടത്തിലാകും സംസ്കാരം.
" f
https://www.facebook.com/Malayalivartha

























