ഒരു സിനിമ നിന്നുപോകുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമര്‍ശിച്ചു കാണുന്നുണ്ടോ ? പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളസിനിമയിലെ പ്രമുഖനായ അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ് കൃഷ്ണ പറയുന്നു

ഒരു സിനിമയ്ക്ക് പിന്നില്‍ 300ലധികം പേര്‍ പണിയെടുക്കുമ്പോള്‍, നിര്‍മ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്. ഒരു സിനിമ നിന്നുപോകുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമര്‍ശിച്ചു കാണുന്നുണ്ടോ ? പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളസിനിമയിലെ പ്രമുഖനായ അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ് കൃഷ്ണ പറയുന്നു.
അടുത്ത ബന്ധുകള്‍ ആരെങ്കിലും അപകടത്തില്‍ പെട്ടാലോ മരണപ്പെട്ടാലോ ഒന്നു പോകാന്‍ പോലും പറ്റാത്ത വിധം ലൊക്കേഷനിലായിപ്പോയവരെ പറ്റി അറിയാമോ നിങ്ങള്‍ക്ക് ? ജോലി ചെയ്ത കാശ് കിട്ടാതാകുമ്പോള്‍ സൗഹൃദത്തിന്റെ പേരില്‍ പ്രതികരിക്കാതിരിക്കുന്നവരെപറ്റി അറിയാമോ നിങ്ങള്‍ക്ക്?
കണ്ടിന്യൂവിറ്റി സീനുകള്‍ വരുമ്പോള്‍ ഏത് പാതിരാത്രി ആയാലും വീട്ടിലെത്തി അതേ സാരി തന്നെ, അതേ ഷര്‍ട്ട് തന്നെ അലക്കി തേച്ച് വന്ന് അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെപ്പറ്റി അറിയാമോ നിങ്ങള്‍ക്ക്? പ്രതിഫലം പോലും മോഹിക്കാതെ ചത്ത് പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ, അസിസ്റ്റന്റ് ക്യാമറാമാന്‍മാരെ, അസിസ്റ്റന്റ് എഡിറ്റേഴ്‌സിനെ അറിയുമോ നിങ്ങള്‍ക്ക് ? ആരൊക്കെ വൈകിയാലും നേരത്തെ തന്നെ സെറ്റിലെത്തി ഒരു നീരസവും കാണിക്കാതെ കൂടെ നിന്ന് ജോലി ചെയ്യുന്ന യൂനിറ്റ് അംഗങ്ങളെ അറിയാമോ? രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരെ , സ്വന്തം വിശപ്പ് മറച്ച് പ്രൊഡക്ഷന്‍ ഫുഡ് തരുന്ന ചേട്ടന്‍മാരുള്ള ലോകമാണ് സിനിമാ ലൊക്കേഷന്‍.
കണ്ടിന്യൂവിറ്റി കോസ്റ്റ്യൂം സ്വന്തം മുറിയില്‍ ഫേനിന്റെ കീഴെ ഉണക്കാനിട്ട് , ആ കോച്ചുന്ന തണുപ്പില്‍ ഉറങ്ങാന്‍ കിടക്കുന്ന കോസ്റ്റ്യൂമറെ , അവരുടെ സഹപ്രവര്‍ത്തകരെ കുറിച്ച് മനസ്സിലാക്കാനാണ് പ്രതീഷ് ഈ കുറിപ്പ് എഴുതുന്നത്. രാവിലെ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷന്‍ കിട്ടാതെ വരുമ്പോള്‍ ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ ഒരു സ്‌കൂട്ടിയുമെടുത്ത് ലൊക്കേഷന്‍ പരതാന്‍ പോകുന്ന കണ്‍ട്രോളര്‍മാരെും മനേജര്‍മാരുമുണ്ട്.
ഇവരുടേതും കൂടിയാണ് സിനിമ ! കാരവാനില്‍ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉള്‍പ്പെടെയുള്ള
തൊഴിലാളികളുടെ പേഴ്‌സ് കൂടി ഒന്ന് പരിശോധിക്കണം..! സിനിമ നിന്നു പോകുമ്പോള്‍ അവര്‍ക്ക് വീട്ടിലേക്ക് പോകാന്‍ , പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാന്‍ അതില്‍ കാശുണ്ടോ എന്ന് !
രാത്രിയും പകലും ഒരുപോലെ അസിസ്റ്റന്റ്, അസോസിയേറ്റ് സംവിധായകരെ കൊണ്ട് പണിയെടുപ്പിക്കുകയും പണം നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ് നിര്‍മാതാക്കളില്‍ ഭൂരിപക്ഷവും. ആരെങ്കിലും പണം ചോദിച്ചാല്‍ ഫ്രീയായി ജോലി ചെയ്യാന്‍ ആയിരങ്ങള്‍ ക്യൂ നില്‍ക്കുന്നുണ്ടെന്നായിരിക്കും പ്രതികരണം. .തൊഴില്‍ ചെയ്യുന്നവന്റെ അവകാശമാണ് പ്രതിഫലം. അത് മലയാള സിനിമയില്‍ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമ പഠിച്ച് അസ്സിസ്റ്റ് ചെയ്യുമ്പോള്‍ 40 ദിവസമൊക്കെ കഷ്ടപെട്ടിട്ട് വണ്ടിക്കൂലി പോലുമില്ലാതെ, പാക്കപ്പ് ആയിട്ട് പോകേണ്ടതൊക്കെ അവസ്ഥയാണ് പലര്‍ക്കുമുള്ളത്. ദാരിദ്രം പറഞ്ഞ് പറഞ്ഞ പൈസയ്ക്ക് വേണ്ടി പിറകെ കാല് പിടിച്ച് നടക്കേണ്ട അവസ്ഥയും നാണം കെട്ട് സഹിക്കുന്നത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷം പേരും പറയുന്നു.
https://www.facebook.com/Malayalivartha