ഹെലികോപ്റ്റർ വേണ്ടെന്നു വച്ചാലോ; അമിത തുകയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും; കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന ചത്തീസ്ഗഡ് സർക്കാരിൽ നിന്ന് വിവരങ്ങൾ തേടിയേക്കും

അമിത തുകയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന ചത്തീസ്ഗഡ് സർക്കാരിൽ നിന്ന് വിവരങ്ങൾ തേടാനും വഴിയൊരുങ്ങുന്നു.
ചത്തീസ്ഗഡ് സർക്കാരിന് കുറഞ്ഞ ചെലവിൽ ഹെലികോപ്ടർ വാടകയ്ക്ക് നൽകുന്ന കമ്പനിയാണ് കേരളത്തിൽ അത് ഇരട്ടി വിലയ്ക്ക് നൽകുന്നത്. ചത്തീസ്ഗസിൽ 25 മണിക്കൂറിന് ഈടാക്കുന്നത് 85 ലക്ഷം മാത്രമാണ്. കേരളത്തിൽ 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷവും. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് അന്വേഷിക്കുന്നത്. ചത്തീസ്ഗഡ് നക്സൽ ബാധിത പ്രദേശമാണ്. കേരളത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഒഴികെ മറ്റൊന്നിനും ഹെലികോപ്റ്റർ ആവശ്യമില്ല.
അമിത വാടക നൽകി എന്തിനാണ് ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഇക്കഴിഞ്ഞ പത്തിനാണ് കരാറിൽ സർക്കാർ ഒപ്പിട്ടത്. മുഖ്യന്ത്രിയുടെ ഉപയോഗത്തിനാണെന്ന പേരിലാണ് അടിയന്തര ആവശ്യമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. പതിനൊന്നു പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണ് ഇത് സംബന്ധിച്ച ചർച്ചകൾ കമ്പനിയുമായി നടത്തിയത്. ചർച്ചയിൽ പതിനൊന്ന് പേർ സഞ്ചരിക്കുന്ന കോപ്റ്ററിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ധാരണയിലെത്തിയത് പവർ രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററിന് അല്ലെന്ന് ചിപ്പ്സൺ നൽകിയ കത്തിൽ പറയുന്നു. തങ്ങളോട് ആവശ്യപ്പെട്ടത് രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്പ്റ്റർ ആണെന്നും കത്തിലുണ്ട്.
5 പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റർ 37 ലക്ഷത്തിന് വാടകയ്ക്ക് നൽകാമെന്നാണ് ചിപ്സൺ പറഞ്ഞത്. പവൻ ഹാൻസുമായി കരാറിൽ ഏർപ്പെട്ട തുകയ്ക്ക് 3 ഹെലികോപ്റ്റർ 30 മണിക്കൂർ പറത്താമെന്ന് ചിപ്സൺ പറയുന്നു. ഇതാണ് സർക്കാരിനെ വെട്ടിലാക്കിയത്.
ഹെലികോപ്റ്റർ വിവാദം സർക്കാരിന്റെ സത് പേര് ഇല്ലാതാക്കിയതായി സർക്കാർ കരുതുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ് സർക്കാർ ഹെലികോപ്റ്റർ വിവാദം ഉണ്ടാക്കിയത്. എന്നാൽ ഇത്തരം വിവാദങ്ങളിലൊന്നും ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശം. മുഖ്യമന്ത്രി ഇതിനോട് യോജിക്കുന്നു. എന്നാൽ അഴിമതിയുണ്ടെന്ന് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നത്. കരാറിൽ അഴിമതിയുണ്ടെന്ന പരാതിയാണ് മുഖ്യമന്ത്രി പരിശോധിക്കുന്നത്.
കോപ്പ്റ്റർ കരാർ എങ്ങനെ പുറത്തു പോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. അതീവ രഹസ്യമായി കൈകാര്യം ചെയ്തിരുന്ന വിഷയമാണ്. അതാണ് ഇപ്പോൾ വിവാദത്തിലായത്. മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങി. സെക്രട്ടേറിയറ്റിൽ പ്രസ്തുത ഫയൽ കൈകാര്യം ചെയ്തവരും സംശയത്തിന്റെ നിഴലിലാണ്. സംശയത്തിൽ നിന്നും ഊരാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണ് രഹസ്യം ചോർന്നതിനെ കുറിച്ച് അന്വേഷിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഫയൽ ചോർച്ചയും അന്വേഷണ വിധേയമാക്കുന്നുണ്ട്. സർക്കാരിനെ നാണം കെടുത്താനുള്ള ശ്രമങ്ങൾ മുളയിലെ നുള്ളാനാണ് നീക്കം.
https://www.facebook.com/Malayalivartha























