18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) ആദ്യദിനമായ നാളെ , ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇന്റർനാഷണൽ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് ചിത്രമായ ക്ലെപ്ടോമാനിയ, ഷെനിയ കസാൻകിന സംവിധാനം ചെയ്ത ‘സിറ്റി ഓഫ് ഔൾസ്’, ലൂക്കാസ് ഒസാരയുടെ യൂസഫ് ഉൾപ്പെടെ 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഓർവെൽ 2+2=5’, യാസീൻ ഖാന്റെ ‘റോബോട്സ്’, ബെൻ പ്രൗഡ്ഫൂട്ടിന്റെ ‘ദി ഐസ് ഓഫ് ഘാന’ എന്നിവയുൾപ്പെടെ 8 ചിത്രങ്ങൾ ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലും പ്രദർശിപ്പിക്കും.
വൈകിട്ട് 6 മണിക്ക് കൈരളി തിയേറ്ററിലാണ് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ന്റെ പ്രദർശനം. ഓസ്ട്രിയയിലേക്ക് കടക്കാൻ ശ്രമിച്ച് ഇറാനിൽ കുടുങ്ങിപ്പോയ സൊറായ എന്ന 16 വയസുള്ള അഫ്ഗാൻ കലാകാരിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’. ഇറാനിലെ പ്രമുഖ ഡോക്യുമെന്ററി സിനിമ സംവിധായകൻ മെഹർദാദ് ഓസ്‌കൗയി സംവിധാനം ചെയ്ത ചിത്രം, ലോകത്തിലെ ഏറ്റവും വലിയ നോൺ ഫിക്ഷൻ ഫിലിം ഫെസ്റ്റിവലായ ഐ ഡി എഫ് എ യിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ ഇരുപത് പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























