പെരിന്തല്‍മണ്ണ നഗരമധ്യത്തില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍

പെരിന്തല്‍മണ്ണ നഗരമധ്യത്തില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. മണ്ണാര്‍ക്കാട് റോഡിലെ ഷാജഹാന്‍ ടി.വി. ആന്റ് ഫ്രിഡ്ജ് ഹൗസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വൈകിട്ട് തീ പിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നറിയുന്നു. അഞ്ച് നില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും കറുത്ത പുക ഉയരുന്നത് കണ്ട് ജീവനക്കാരും മറ്റും പുറത്തേക്ക് ഓടിയതോടെയാണ് സമീപ കടക്കാരും മറ്റും വിവരം അറിഞ്ഞത്.
മുകളിലെ നിലയില്‍ കൂട്ടിയിട്ടിരുന്ന കടലാസ് പെട്ടികള്‍ക്കാണ് ആദ്യം തീപിടിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. പെരിന്തല്‍മണ്ണ അഗ്‌നി ശമനാ സേനയുടെ രണ്ട് യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമിച്ചെങ്കിലും നടന്നില്ല. അകത്ത് നിന്നും ഇടക്ക് പൊട്ടി തെറിക്കുന്ന ശബ്ദങ്ങളുണ്ടായത് തടിച്ചുകൂടിയവരിലും സമീപവാസികളിലും പരിഭ്രാന്തി പരത്തി. ഇതേ തുടര്‍ന്ന്
കോഴിക്കോട് പാലക്കാട് ദേശീയ പാത രക്ഷാ ദൗത്യത്തിനായി അടച്ചു. ഓടിക്കൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പെരിന്തല്‍മണ്ണ പൊലീസും ട്രോമാ കെയര്‍ പ്രവര്‍ത്തകരും ഏറെ ബുദ്ധി മുട്ടി. സമീപത്തെ കെട്ടിടങ്ങളിലേക്ക് കൂടി ചെറിയതോതില്‍ തീ പടര്‍ന്നതോടെ ആശങ്ക ഇരട്ടിച്ചു.
രാത്രി 7.20 ഓടെ മലപ്പുറത്ത് നിന്നും അതി ശക്തമായി വെള്ളം പമ്പു ചെയ്യാന്‍ ശേഷിയുള്ള പ്രത്യേക മൊബൈല്‍ ടാങ്കര്‍ യൂണിറ്റ് എത്തിച്ചാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. ശേഷം പ്രത്യേക കവചം ധരിച്ച അഗ്‌നിശമനാ സേനാംഗങ്ങള്‍ കെട്ടിടത്തിനകത്തു കയറി അകത്തെ തീ അണക്കാനുള്ള ശ്രമം തുടര്‍ന്നു. അപ്പോഴേക്കും മുകളിലെ രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നിരുന്നു. കെട്ടിടത്തിന്റെ പുറക് വശത്തേക്ക് തീ പടര്‍ന്നത് നിയന്ത്രിക്കാന്‍ കെട്ടിടത്തിന്റെ പുറകിലേക്ക് അഗ്‌നിശമനാ സേനയുടെ ഒരു യൂണിറ്റിനെ എത്തിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമനാ സേനയുടെ 9 യൂണിറ്റുകളുടെ കൂട്ടായ പരിശ്രമ ഫലമായി രാത്രി ഒമ്പതരയോടെയാണ് തീ പൂര്‍ണമായും നിയന്ത്രിച്ചത്.
നാശനഷ്ടം വിലയിരുത്തിയിട്ടില്ല. കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് സമീപത്തെ കടയുടമകള്‍ പറയുന്നത്. ചമയം ടെക്‌സ്‌റ്റൈല്‍സ് ഉടമ ചമയം ബാപ്പുവിന്റെ ഉടമസ്ഥതയിലാണ് തീപിടിച്ച സ്ഥാപനം. തീ പിടിച്ച കെട്ടിടത്തിന്റെ സമീപത്തായി സബ് ജയില്‍, ടൂറിസ്റ്റ് ഹോം, പൊലീസ് സ്‌റ്റേഷന്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
മഞ്ഞളാംകുഴി അലി എം.എല്‍.എ, പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജ്, എസ്.ഐ മഞ്ജിത്ത്‌ലാല്‍, ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സംസ്ഥാനത്തെ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റിംഗ് വേണമെന്ന് നിബന്ധനയുണ്ടെങ്കിലും കൃത്യമായി നടപ്പാക്കാത്തിന്റെ തെളിവാണ് ഈ തീപിടിത്തം. പ്രളയം പോലെ സംസ്ഥാനത്ത് ഇനി ഉണ്ടാകുന്ന ദുരന്തം തീപിടിത്തമാണെന്ന് ദിരന്തനിവാരണ രംഗത്തെ വിദഗ്ധനായ മുരളി തുമ്മാരകുടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും കൃത്യമായ നടപടികള്‍ എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























