കേരളം സൊമാലിയ പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയവര്‍ ഭരിക്കുന്ന ഭരണസിരാകേന്ദ്രത്തിന് വിളിപ്പാടകെ വിശപ്പടക്കാന്‍ ഒരു കുട്ടി മണ്ണ് തിന്നെന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നു

കേരളം സൊമാലിയ പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയവര്‍ ഭരിക്കുന്ന ഭരണസിരാകേന്ദ്രത്തിന് വിളിപ്പാടകെ വിശപ്പടക്കാന്‍ ഒരു കുട്ടി മണ്ണ് തിന്നെന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നു. വര്‍ഷങ്ങളായി തിരുവനന്തപുരം നഗരത്തില്‍ വഞ്ചിയൂരിന് അടുത്ത് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. 12ലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന, തകര ഷീറ്റുകൊണ്ട് മറച്ച കുടിലാണ് ഇവര്‍ കഴിയുന്നത്. കുട്ടികള്‍ക്ക് ആഹാരം നല്‍കാന്‍ ഗതിയില്ലാത്തത് കൊണ്ടാണ് ശിശുക്ഷേമസമിതിയുടെ തണല്‍ ഹെല്‍പ്പ്‌ലൈനില്‍ നാട്ടുകാര്‍ വിവരം അറിയിച്ചത്. പ്രദേശത്തെ അംഗനവാടി, ആശാ വര്‍ക്കര്‍മാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാരും ഈ വിവരം അറിഞ്ഞില്ല.
നഗരസഭയും സര്‍ക്കാരും എത്രയോ പാവങ്ങള്‍ക്ക് വീടും ഭൂമിയും നല്‍കുന്നു. എന്നിട്ടും ഈ കുടുംബങ്ങളെ പരിഗണിച്ചില്ല. സ്വന്തമായി ഭൂമിയോ, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളോ ഇവര്‍ക്കില്ലെന്നാണ് അറിയുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഓടിപ്പാഞ്ഞെത്തി. സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. കേരളം സൊമാലിയ പോലെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ബിബിസി വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കേരളത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷത്തുള്ള സി.പി.എമ്മും പറഞ്ഞിരുന്നു. അതിനേക്കാള്‍ വലിയ നാണക്കേടാണ് ആറ് കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാനാകാത്ത ഒരു കുടുംബം തലസ്ഥാന നഗരത്തില്‍ കഴിയുന്നുണ്ടായിരുന്നെന്ന കാര്യമെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥ കേരളത്തിലുണ്ടെന്നാണ് അട്ടപ്പാടിയിലെ സാഹചര്യം ചൂണ്ടിക്കാട്ടി മോദി പ്രസംഗിച്ചത്. ഇതോടെ പോമോനെമോദി എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോദിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രസഹായം നിഷേധിച്ചും അവഗണിച്ചും കേരളത്തെ സൊമാലിയ ആക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രമിക്കുന്നതായി അന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവുമാണ് കേരളത്തെ സൊമാലിയയോട് ഉപമിച്ചു മോദി തീര്‍ത്തതെന്നും പിണറായി അന്ന് വിമര്‍ശിച്ചിരുന്നു.
എന്നാല്‍ പിന്നീട് പിണറായി മുഖ്യമന്ത്രിയായി, മൂന്നര വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഒരു ചെറ്റക്കുടിലില്‍ ആഹാരമില്ലാതെ ആറ് കുട്ടികള്‍ കഴിയുന്നെന്നും അതിലൊരു കുട്ടി വിശന്ന് മണ്ണുവാരിത്തിന്നെന്നും ഉള്ള വാര്‍ത്ത പുറത്ത് വന്നത്. പിണറായി സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യക്ഷേമവകുപ്പ് ഹെല്‍പ്പ് ലൈനായ 1517ലാണ് ആരോ ഈ വിവരം വിളിച്ചറിയിച്ചത്. ആരോഗ്യ, ദാരിദ്രനിര്‍മാര്‍ജ്ജന മേഖലയില്‍ കേരളം ഒന്നാമതെന്ന് കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുകയും സര്‍ക്കാരത് ആഘോഷിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം ദയനീയമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. മോദിയെ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ല, എന്നാല്‍ സ്വന്തം പോരായ്മകളിലേക്ക് സംസ്ഥാന സര്‍ക്കാരും അധികാരികളും വല്ലപ്പോഴും തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha























