എംപ്‌ളോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി... ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ കെക്‌സോണില്‍നിന്നോ ദിവസക്കൂലിക്കെടുക്കാന്‍ നിര്‍ദേശം

എംപ്‌ളോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി... സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താത്കാലികനിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ കെക്‌സോണില്‍നിന്നോ ദിവസക്കൂലിക്കെടുക്കാനാണ് നിര്‍ദേശം. പി.എസ്.സി. നിയമനത്തിന്റെ പരിധിയില്‍പ്പെടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിലൂടെയാണ് നികത്തേണ്ടത് എന്നായിരുന്നു 2016-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
അല്ലാത്തപക്ഷം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. ഇതു മറികടന്നാണ് തൊഴില്‍വകുപ്പിനോട് ആലോചിക്കാതെ ധനവകുപ്പ് ഏകപക്ഷീയമായി ഒന്നരമാസംമുമ്പ് ഉത്തരവിറക്കിയത്. ഒഴിവുകള്‍ നികത്താന്‍ വകുപ്പുകള്‍ കുടുംബശ്രീയെയും കെക്‌സോണിനെയും സമീപിച്ചുതുടങ്ങി. തൃശ്ശൂരില്‍ ജയില്‍വാര്‍ഡന്റെ താത്കാലിക ഒഴിവിലേക്ക് 15 പേരുടെ പട്ടിക എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് നല്‍കിയെങ്കിലും അത് തിരിച്ചയച്ച് കെക്‌സോണില്‍നിന്നാണ് നിയമനം നടത്തിയത്.
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ശുചീകരണം, സുരക്ഷ എന്നീ ജോലികള്‍ക്കായി ഒരു വര്‍ഷം 7000 പേരെയാണ് താത്കാലികമായി നിയമിക്കുന്നത്. ഓരോ ജില്ലയിലും വര്‍ഷം 500 പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇതിലും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് തൊഴില്‍വകുപ്പ് പറയുന്നു. സര്‍ക്കാരിന് സാമ്പത്തികലാഭം ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നും ആക്ഷേപമുണ്ട്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി 18,000 രൂപ മാസശമ്പളം ലഭിച്ചിരുന്ന തസ്തികയില്‍ പുതിയ നിയമനം അനുസരിച്ച് 6,000 രൂപയ്ക്ക് ജോലിചെയ്യാന്‍ ആളെ കിട്ടും. ജീവനക്കാര്‍ പിരിഞ്ഞുപോകുമ്പോള്‍ ഈ തസ്തികളില്‍ നിയമനമുണ്ടാകില്ല. വകുപ്പുകളോട് ശുചീകരണ, സുരക്ഷ ജോലികള്‍ക്കായി ഈ ഏജന്‍സികളുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെടാനാണു നിര്‍ദേശം. ഇത്തരം കരാറുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ 'ഓഫീസ് ചെലവുകള്‍' എന്ന ശീര്‍ഷകത്തില്‍ നല്‍കും.
https://www.facebook.com/Malayalivartha























