അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം ഇന്നവസാനിക്കും... ഉറപ്പ് പാലിക്കണമെങ്കില്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെ കാത്തിരിക്കണമെന്നാണ് അദാനിയുടെ നിലപാട്

അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം ഇന്നവസാനിക്കും. ഉറപ്പ് പാലിക്കണമെങ്കില്‍ 2020 ഡിസംബര്‍ വരെ കാത്തിരിക്കണമെന്നാണ് അദാനിയുടെ നിലപാട്. സര്‍ക്കാരിന്റെ മെല്ലപ്പോക്കും കരിങ്കല്ലിന്റെ ലഭ്യതക്കുറവും കാലാവസ്ഥ മാറ്റങ്ങളും നാലു വര്‍ഷങ്ങള്‍ക്ക് മുന്പ് തുടങ്ങിയ കേരളത്തിന്റെ വികസന സ്വപ്നത്തിന് തിരിച്ചടിയായത്. ഒന്നാം ഘട്ട പൂര്‍ത്തികരണത്തിന് മുന്പ് ആയിരം ദിവസത്തിനുള്ളില്‍ കപ്പലടുപ്പിക്കുമെന്ന് 2015 നവംബര്‍ അഞ്ചിലെ ഉദ്ഘാടന വേദിയില്‍ അദാനി തന്നെ പ്രഖ്യാപനം നടത്തിയിരുന്നു . ഇതിന് തിരിച്ചടിയായത് പുലിമുട്ട് നിര്‍മാണത്തിനുള്ള കരിങ്കല്ല് കിട്ടാതെ വന്നതാണ്.
പ്രാദേശികമായി ലഭിച്ച മൂന്ന് ലക്ഷം ടണ്‍ കല്ലിനു പുറമെ പുലിമുട്ടിനും മറ്റനുബന്ധ നിര്‍മാണത്തിനുമായി ഇനിയും ഒരു ലക്ഷം ടണ്‍ കല്ലുകള്‍ വേണ്ടിവരുമെന്നാണ് അധികൃതരുടെ വാദം. ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഇരുപതോളം ക്വാറികള്‍ അനുവദിച്ച് തരണമെന്ന് നിര്‍മാതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകാരം ലഭിച്ചത് മൂന്നെണ്ണത്തിന് മാത്രമാണ്. നൂലാമാലകള്‍ നീക്കി ഇത്രയും എണ്ണത്തിന് അംഗീകാരം നല്‍കാന്‍ അധികൃതര്‍ക്ക് മാസങ്ങള്‍ വേണ്ടിവരും.പണികള്‍ പൂര്‍ത്തിയാക്കി ചരക്കുകപ്പലുകള്‍ വിഴിഞ്ഞത്ത് വരണമെങ്കില്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കണമെന്നും അധികൃതര്‍ പറയുന്നു.
ഒന്നാം ഘട്ടം 2019 ഡിസംബറിലും രണ്ടാം ഘട്ടം 2024-27 ലും മൂന്നാം ഘട്ടം 2034-37 ലുമാണ് പൂര്‍ത്തികരിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒന്നാം ഘട്ടത്തിന് ഒരു വര്‍ഷം അധികമായി വരുന്നത് മറ്റ് ഘട്ടങ്ങളെയും സാരമായി ബാധിക്കും.
https://www.facebook.com/Malayalivartha























