തോല്‍ക്കാന്‍ ഇനിയും വയ്യ... മുസ്ലീംങ്ങളെ ഒറ്റപ്പെടുത്തില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറ്റു; നരേന്ദ്ര മോദിയുടെ റാലി കണ്ട് രാഹുല്‍ ഗാന്ധി ഇന്നത്തെ സമരം ഉപേക്ഷിച്ചു; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എല്ലാം അവസാന നിമിഷം മാറ്റിവച്ചു

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കയ്യടി നേടിയതോടെ കോണ്‍ഗ്രസുകാരും ഉള്‍വലിയുന്നു. മോദിയുടെ ഇന്നലത്തെ വമ്പന്‍ റാലിയ്ക്ക് ശേഷം ഇന്നത്തെ പ്രതിഷേധം കോണ്‍ഗ്രസ് മാറ്റിവച്ചിരിക്കുകയാണ്. രാജ്ഘട്ടില്‍ ഇന്നു വൈകിട്ട് നടക്കാനിരുന്ന ധര്‍ണയാണ് കോണ്‍ഗ്രസ് നാളത്തേക്ക് മാറ്റിവെച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. എന്നാല്‍, രാംലീല മൈതാനത്ത് മോദി റാലി നടത്തിയതോടെയാണ് കോണ്‍ഗ്രസ് ധര്‍ണയില്‍ നിന്ന് ഉള്‍വലിഞ്ഞത്. ഇന്ന് പ്രധാനമന്ത്രിയുടെ പരിപാടി ഡല്‍ഹിയില്‍ നടക്കുന്നതിനാലുമാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി മാറ്റിയതെന്ന് കോണഗ്രസ് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നാളത്തെ സമരം അഞ്ചുമണിക്കൂര്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിയോ പൗര രജിസ്റ്ററോ ഇന്ത്യയിലെ ഒരു മുസ്ലിം പൗരനും ദോഷം ചെയ്യില്ലെന്നും പ്രതിപക്ഷം പെരും നുണകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി. നിയമമുണ്ടാക്കിയത് ആരുടെയും അവകാശങ്ങള്‍ കവരാനല്ല. വേദനയൊപ്പാന്‍ വേണ്ടിയുള്ളതാണ്. വിദ്യാഭ്യാസവും അറിവും ഉപയോഗിക്കുക. പൗരത്വ നിയമ ഭേദഗതി, പൗര രജിസ്റ്റര്‍ എന്നിവ എന്താണെന്നു മനസിലാക്കുക. മുസ്ലിംകള്‍ക്കായി തടങ്കല്‍പ്പാളയങ്ങള്‍ ഒരുങ്ങുന്നുവെന്ന കോണ്‍ഗ്രസിന്റേയും നഗര നക്‌സലുകളുടേയും പ്രചാരണത്തിന് ഇരയാകാതിരിക്കുക ബി.ജെ.പി. രാജ്യമാകെ നടത്തുന്ന വിശദീകരണ യോഗങ്ങള്‍ക്കാണ് ഡല്‍ഹി രാംലീലാ മൈതാനത്തു തുടക്കമിട്ടത്.
പൗരത്വ രജിസ്റ്ററെന്ന ആശയം കോണ്‍ഗ്രസ് ഭരണകാലത്തേതാണ്. അന്നെന്തേ ആരും എതിര്‍ത്തില്ല? ഈ സര്‍ക്കാര്‍ അതു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുകയോ പാര്‍ലമെന്റില്‍ എത്തിക്കുകയോ ചെയ്തിട്ടില്ല. അത് ആരെയെങ്കിലും പുറത്താക്കാന്‍ വേണ്ടിയുള്ളതല്ല. രേഖകള്‍ ആവശ്യപ്പെട്ട് ആരെയും ബുദ്ധിമുട്ടിക്കില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത അദ്ദേഹം പറഞ്ഞു
എന്തിനാണു പ്രതിപക്ഷം ജനങ്ങളോടു നുണപറയുന്നത്. എന്തിനാണവരെ അവരെ പ്രകോപിപ്പിക്കുന്നത്. മതത്തിന്റെ പേരില്‍ ഒരാളെപ്പോലും മാറ്റിനിര്‍ത്താതിരുന്നിട്ടും എന്തിനാണു ബി.ജെ.പിയെ ചോദ്യംചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ അഭ്യൂഹങ്ങളിലൂടെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. പദവികളിലിരിക്കുന്നവര്‍ പോലും വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഉജ്വല, പാര്‍പ്പിട/വൈദ്യുതി/ആരോഗ്യം... ക്ഷേമ പദ്ധതികളെല്ലാം ദരിദ്രരുടെ വീടുകളിലേക്കാണ് എത്തിയത്. ജാതിയോ മതമോ ചോദിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമം ഗാന്ധിജിയുടെ മനസില്‍ വിരിഞ്ഞതാണ്. അദ്ദേഹമാണു പ്രചോദനം. മോഡി പറയുന്നതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഗാന്ധിജിയെ ഓര്‍ക്കുക. അഭയാര്‍ഥിയും നുഴഞ്ഞുകയറ്റക്കാരനും രണ്ടാണെന്നും മോദി വ്യക്തമാക്കി.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരു സംസ്ഥാനങ്ങള്‍ക്കും വിട്ടുനില്‍ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്നും അദേഹം പറഞ്ഞു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ല. പൗരത്വനിയമഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ലക്ഷക്കണക്കിന് ആള്‍ക്കാരെ സാക്ഷിയാക്കി മോദി പറഞ്ഞത്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് നരേന്ദ്രമോദി പറഞ്ഞു. ദല്‍ഹി രാംലീലാ മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























