ഓര്‍മകള്‍ ഉണ്ടായിരുന്നു... മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ശ്രീറാമിന് കുരുക്ക് മുറുക്കി ഫൊറന്‍സിക് ഫലം; വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധന; പരിശോധന റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി

കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ചത്. ഇതില്‍ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്നും അമിത വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്നുമാണ് ഉയര്‍ന്ന ആരോപണം. എന്നാല്‍ രക്ത പരിശോധന സാമ്പിള്‍ എടുക്കാതെ പോലീസും ശ്രീറാമും ഒത്തുകളിച്ചതോടെ മദ്യപിച്ചെന്ന വാദം തെളിയിക്കാനായില്ല. അതില്‍ രണ്ടാമത്തേതായിരുന്നു അമിത വേഗത. അതിന്റെ ഫലമാണിപ്പോള്‍ പുറത്ത് വരുന്നത്.
ശ്രീറാം ഓടിച്ച വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനാ ഫലം വ്യക്തമാകുന്നത്. വെള്ളയമ്പലത്തെ കെ.എഫ്.സി.ക്കു മുന്നില്‍നിന്നുള്ള ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്നു കണ്ടെത്തിയത്.
കൃത്യമായ വേഗം കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം ലഭ്യമാക്കണമെന്ന ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.
ഫിസിക്‌സ് വിഭാഗത്തില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും സീറോളജി, ഡി.എന്‍.എ. വിഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം അപകടത്തില്‍ മരിച്ച കെ.എം. ബഷീറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. വേഗം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്. അതുമാത്രമാണ് ഇനി നല്‍കാനുള്ളത്.
വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാന്‍ അന്വേഷണ സംഘം ഫൊറന്‍സിക് ലാബില്‍ നല്‍കിയിയിരുന്ന ദൃശ്യം അവ്യക്തമായിരുന്നു. സി.സി.ടി.വി. ക്യാമറയില്‍നിന്നുള്ള ദൃശ്യത്തില്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതിനാലാണിത്. അപകടസ്ഥലത്തുനിന്ന് ഒട്ടേറെ വസ്തുക്കള്‍ പരിശോധനയ്ക്കു ശേഖരിച്ചിരുന്നു. എന്നാല്‍, അന്വേഷണ സംഘം ഇവ പൂര്‍ണമായി ലാബിലേക്ക് അയച്ചിരുന്നില്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ പബ്ലിക് ഓഫീസിനു മുന്നില്‍വെച്ച് കെ.എം. ബഷീര്‍ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്.
ഫൊറന്‍സിക് ലാബില്‍നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിശദീകരണം.
ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ അന്വേഷണ കമ്മീഷന് മുമ്പില്‍ കഴിഞ്ഞയാഴ്ച ഹാജരായിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതിയുടെ മുമ്പിലാണ് അന്വേഷണസംഘം ഹാജരായത്. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ബഷീറിന്റെ കൊലപാതക കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ.സൈഫുദീന്‍ ഹാജിയില്‍ നിന്നും സമിതി മൊഴിയെടുത്തു. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ കുറ്റപത്രവും ഇതിന് ലഭിച്ച മറുപടിയും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം മൊഴിയെടുക്കുകയും ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. അതിനിടേയാണ് ഫൊറന്‍സിക് ഫലം വരുന്നത്.
https://www.facebook.com/Malayalivartha

























